ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 12 ഫെബ്രുവരി 2019 (14:00 IST)
പ്രധാനമന്ത്രി നരേന്ദ്രമോദി അനില്‍ അംബാനിയുടെ ഇടനിലക്കാരനായെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപാടില്‍ ഔദ്യോഗിക രഹസ്യനിയമം ലംഘിച്ച പ്രധാനമന്ത്രി രാജ്യദ്രോഹക്കുറ്റമാണ് ചെയ്തതെന്നും രാഹുല്‍ ആരോപിച്ചു.
റഫാല്‍ കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ അനില്‍ അംബാനിക്ക് പ്രധാനമന്ത്രി മുന്‍കൂര്‍ കൈമാറുകയാണ് ചെയ്തതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കരാറിന് പത്തു ദിവസം മുമ്പേ തനിക്കാണ് കരാര്‍ ലഭിക്കാന്‍ പോകുന്നതെന്ന് അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധമന്ത്രിയെ കണ്ട് അറിയിച്ചിരുന്നു. എയര്‍ബസ് കമ്പനി ഉദ്യോഗസ്ഥന്റെ ഇമെയില്‍ സന്ദേശം തെളിവായി പുറത്തുവിട്ടുകൊണ്ടാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.
പ്രതിരോധമന്ത്രിയും എച്ച്എഎല്‍ ഉദ്യോഗസ്ഥരും വിദേശകാര്യ സെക്രട്ടറിയും പറയുന്നത് കരാറിന്‍റെ വിവരം അനില്‍ അംബാനി എങ്ങനെ അറിഞ്ഞു എന്ന് തങ്ങള്‍ക്കറിയില്ല എന്നാണ്. ഇതു ശരിയാണെങ്കില്‍ ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്.
രാജ്യദ്രോഹക്കുറ്റമാണ് പ്രധാനമന്ത്രി ചെയ്തത്. നരേന്ദ്രമോദിക്കെതിരെ കേസെടുക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കെതിരെ വിശദമായ അന്വേഷണം നടത്തണം. തെറ്റ് ചെയ്തതുകൊണ്ടാണ് പ്രധാനമന്ത്രി ജെപിസി അന്വേഷണത്തെ ഭയക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.