പഞ്ചാബ് നടുങ്ങി; ഭീകരാക്രമണത്തില്‍ എട്ട് മരണം, പിന്നില്‍ പാക് ഭീകരരെന്ന് കേന്ദ്രം

ഭീകരാക്രമണം , പാകിസ്ഥാന്‍ , പൊലീസ് , അറസ്‌റ്റ് , മരണം
ഗുരുദാസ്‌പൂർ(പഞ്ചാബ്)| jibin| Last Updated: തിങ്കള്‍, 27 ജൂലൈ 2015 (13:31 IST)
പഞ്ചാബിൽ, പൊലീസ് സ്റ്റേഷനു നേരെയും ബസിനു നേരെയും ഭീകരർ നടത്തിയ ആക്രമണത്തിൽ എട്ട് പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഗുരുതാസ്‌പുര്‍ എസ്‌പിയും ഉള്‍പ്പെടും. സ്റ്റേഷനിലെ ലോക്കപ്പിലുണ്ടായിരുന്ന രണ്ട് പ്രതികൾ, മൂന്നു പൊലീസുകാർ, ഒരു ബസ് യാത്രികൻ എന്നിവരും കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഒരു ഭീകരനും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. രാജ്യമെങ്ങും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഭീകരവാദികളില്‍ മൂന്നു പേര്‍ ഇപ്പോഴും പൊലീസ് സ്റ്റേഷനുള്ളില്‍ ഒളിച്ചിരിക്കുകയാണ്. ഇവരെ ജീവനോടെ പിടികൂടാനാണു സുരക്ഷാ സേന ശ്രമിക്കുന്നത്. പഞ്ചാബ് പൊലീസും ബിഎസ്എഫും ഇതിനുള്ള ശ്രമം നടത്തുന്നുണ്ട്. ഭീകരര്‍ ഒരു കെട്ടിടത്തിനുള്ളില്‍ ഒളിച്ചിരിക്കുന്നതായാണു റിപ്പോര്‍ട്ടുകളുണ്ട്.

രാവിലെ 5.30 ഓടെയായിരുന്നു ആക്രമണം. ആദ്യം സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസിനു നേര്‍ക്കും അതിനുശേഷം ഒരു മാരുതികാര്‍ പിടിച്ചെടുത്ത തീവ്രവാദികള്‍ പൊലീസ് സ്റ്റേഷനിലേക്കും ഇരച്ചു കയറി ആക്രമണം നടത്തുകയായിരുന്നു. പഞ്ചാബിലെ ദിനനഗര്‍ ജില്ലയില്‍ ജമ്മു അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ബസ് സ്റ്റാന്‍ഡിലായിരുന്നു ആക്രമണം. ഇതിനുശേഷം പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചെത്തുകയും ആക്രമണം നടത്തുകയും ചെയ്യുകയായിരുന്നു.

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഗുരുദാസ്‌പൂരിലെ ദിനനഗർ പൊലീസ് സ്റ്റേഷനു നേരെയാണ് സൈനിക വേഷത്തിലെത്തിയ തീവ്രവാദികൾ ആക്രമണം നടത്തിയത്. വെള്ള നിറമുള്ള മാരുതി കാറിലാണ് ഭീകരർ എത്തിയത്. പൊലീസ് സ്റ്റേഷനു മുന്നിലെത്തിയ ഉടൻ തന്നെ ഭീകരർ തുരുതുരാ നിറയൊഴിക്കുകയായിരുന്നു. പാറാവ് നിൽക്കുകയായിരുന്ന രണ്ട് പൊലീസുകാർ തത്ക്ഷണം മരിച്ചു. തുടര്‍ന്ന് പൊലീസ് സ്‌റ്റേഷനില്‍ കയറുകയയിരുന്നു.

അതിനിടെ ദിനനഗറിനും പത്താൻകോട്ടിനും ഇടയിലെ റെയിൽപാളത്തിൽ ബോംബ് കണ്ടെത്തി. ബോംബ് സ്‌ക്വാഡെത്തി ബോംബുകൾ നിർവീര്യമാക്കിയിട്ടുണ്ട്. ട്രാക്കിൽ പരിശോധന നടത്തി വരികയാണ്. മിക്ക ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്.
സൈനികരുമായി ബന്ധപ്പെട്ട നിരവധി കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് പത്താൻകോട്ട്. പാക് അനുകൂല ഭീകര സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നു ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മുംബൈ, പുനെ, നാഗ്പുര്‍ എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമാണു ജാഗ്രതാ നിര്‍ദേശം നല്‍കിയത്. അതേസമയം, ഭീകരർ ആരെയും ബന്ദികളാക്കിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു അറിയിച്ചു.

ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ ബന്ധമുള്ള ഭീകരരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സംഭവത്തിന് പിന്നില്‍ ഭീകരര്‍ തന്നെയാണെന്നും വ്യക്തമായതായി കേന്ദ്രം അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ് പഞ്ചാബ് മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിക്കുകയും നിലവിലെ സാഹചര്യം വിലയിരുത്തുകയും ചെയ്‌തു.

ഇന്ത്യാ - പാക് അതിര്‍ത്തിയില്‍ സൈന്യത്തിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായും. ആഭ്യന്തര മന്ത്രാലയം കാര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും. പാകിസ്ഥാനില്‍ നിന്ന് രണ്ടു ദിവസം മുമ്പ് ഇന്ത്യയിലെത്തിയ ഭീകരരാണ് ആക്രമണം നടത്തിയതെന്നും. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്നും രാജ് നാഥ് സിംഗ് വ്യക്തമാക്കി.

ആഭ്യന്തര സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലും വിവരങ്ങള്‍ തന്നെ ധരിപ്പിക്കുന്നുണ്ടെന്നും രാജ് നാഥ് സിംഗ് വ്യക്തമാക്കി. പഞ്ചാബില്‍ ആക്രമണം നടത്തിയ ഭീകരര്‍ ആരെയും ബന്ദികളാക്കിയിട്ടില്ലെന്ന് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. സൈന്യവും എന്‍എസ്ജി കമാന്‍ഡോകളും ചേര്‍ന്നാണ് ഭീകരരെ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :