ചെന്നൈ|
jibin|
Last Modified ശനി, 28 ഒക്‌ടോബര്‍ 2017 (16:36 IST)
മകൻ ക്രിസ്തുമത വിശ്വാസിയാണെന്ന് പറയാൻ മടിയില്ലെന്ന് വിജയുടെ പിതാവ് എസ്എ ചന്ദ്രശേഖർ. വിജയ് വിശ്വാസം മറച്ചുവയ്‌ക്കുന്ന വ്യക്തിയല്ല. മതവിശ്വാസത്തെയും സാമൂഹ്യ പ്രശ്നങ്ങളെയും കൂട്ടികുഴയ്‌ക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്‌ട്രീയക്കാര്‍ വിവാദ വിഷയങ്ങളില്‍ പ്രതികരിക്കുമ്പോള്‍ പക്വത കാണിക്കണം. മെര്‍സല്‍ പോലുള്ള ചിത്രങ്ങള്‍ ഇനിയും രാഷ്‌ട്രീയം പറയും. സാമൂഹിക പ്രതിബദ്ധതയുള്ള യൂത്ത് ഐക്കണാണ് വിജയ്. അതിനാല്‍, നാളെ എന്താണ് സംഭവിക്കുക എന്നത് പറയാന്‍ സാധിക്കില്ലെന്നും ചന്ദ്രശേഖർ പറഞ്ഞു.
ബിജെപിയെ വെട്ടിലാക്കിയ മെര്‍സലിലെ ജിഎസ്ടി വിരുദ്ധ സംഭാഷണങ്ങൾ നീക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി കോടതി വെള്ളിയാഴ്‌ച മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. സിനിമയെ സിനിമയായി കാണണമെന്ന് പറഞ്ഞ കോടതി സിനിമ പല കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടെന്നും അതെല്ലാം ജനങ്ങളെ ബാധിക്കുമെന്നു പറയാനാകില്ലെന്നും വ്യക്തമാക്കി.
രാജ്യത്തിനെതിരെയുള്ള സംഘടിതമായ ആശയപ്രചാരണമാണ് ചിത്രത്തിലുള്ളതെന്ന് വ്യക്തമാക്കി അഭിഭാഷകനായ എ അശ്വത്ഥമന്‍ എന്നയാള്‍ നല്‍കിയ പൊതുതത്പര്യ ഹര്‍ജിയാണ് കോടതി തള്ളിയത്.