ലക്നൗ|
jibin|
Last Modified വ്യാഴം, 21 ജൂലൈ 2016 (19:28 IST)
ബിഎസ്‌പി അധ്യക്ഷ മായാവതിയെ അധിക്ഷേപിച്ച ബിജെപി നേതാവ് ദയാശങ്കർ സിംഗിന്റെ നാവ് അരിയുന്നവർക്ക് 50 ലക്ഷം രൂപ നൽകുമെന്ന് ബിഎസ്പി ചണ്ഡീഗഡ് അധ്യക്ഷ ജന്നറ്റ് ജഹാൻ. അയാളുടെ നാവ് അരിഞ്ഞ് എന്റെ മുന്നില്‍ കൊണ്ടുവരുന്നയാള്‍ക്ക് അമ്പതു ലക്ഷം രൂപ നല്‍കും. ദയാശങ്കർ സിംഗിന്റെ പ്രതികരണത്തിലൂടെ ബിജെപി സ്ത്രീവിരുദ്ധവും ദലിത് വിരുദ്ധവുമാണെന്ന് വ്യക്തമായി. ഇത്തരം പ്രസ്താവനകളിലുടെ അവരുടെ യഥാർഥ മുഖമാണ് പുറത്തുവരുന്നതെന്നും ജന്നറ്റ് ജഹാൻ ആരോപിച്ചു.
അതേസമയം, മായാവതിക്കെതിരേ വിവാദ പരാമർശം നടത്തിയ ദയാശങ്കർ സിംഗിനെ പാർട്ടി പദവികളിൽനിന്നു പുറത്താക്കി. ദയാശങ്കറിന്റെ പരാമർശത്തിനെതിരേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും പാർട്ടിക്കുള്ളിൽനിന്നുതന്നെയും വിമർശനം ഉയർന്ന സാഹചര്യത്തിലാണ് അദ്ദേഹത്തെ പാർട്ടി പദവികളിൽനിന്നു നീക്കിയത്.
ദയാശങ്കർ സിംഗിന്റെ അഭിപ്രായം പാർട്ടിക്ക് സ്വീകാര്യമല്ലെന്നും അദ്ദേഹത്തെ എല്ലാ പാർട്ടി പദവികളിൽ നിന്നും നീക്കം ചെയ്യുന്നതായും ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ കേശവ് പ്രസാദ് മൗര്യ അറിയിച്ചു.
മായാവതി ടിക്കറ്റ് വില്‍ക്കുകയാണെന്ന് പറഞ്ഞ ശങ്കര്‍ സിംഗ് അവര്‍ മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന വലിയ നേതാവാണെന്നും എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അവര്‍ ഒരു കോടിയുമായി ചെല്ലുന്ന ആര്‍ക്കും ടിക്കറ്റ് നല്‍കുന്നുവെന്നും ആരോപിച്ചു. രണ്ട് കോടിയുമായി വന്നാല്‍ മായാവതി അവര്‍ക്കും ടിക്കറ്റ് നല്‍കുന്നു. മൂന്ന് കോടിയും കൊണ്ട് ആരെങ്കിലും വരികയാണെങ്കില്‍ മുമ്പത്തെ സ്ഥാനാര്‍ത്ഥികള്‍ക്ക് വാഗ്ദാനം ചെയ്ത സീറ്റ് റദ്ദാക്കി പുതിയ ആളെ തെരഞ്ഞെടുക്കുന്നു. മായാവതിയുടെ സ്വഭാവം വേശ്യയുടെ നിലവാരത്തെക്കാള്‍ അധപതിച്ചിരിക്കുന്നുവെന്നുമാണ് ദയാശങ്കർ സിംഗ് പറഞ്ഞത്.
സംസ്ഥാനത്ത് തങ്ങളുടെ പാര്‍ട്ടിയുടെ വളര്‍ച്ചയുടെ ഭീതിയാണ് ബിജെപി നേതാവിനെ ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്താന്‍ പ്രേരിപ്പിച്ചതെന്ന് മായാവതി പ്രതികരിച്ചു. പുതുതായി നിയമിതനായ സംസ്ഥാന വൈസ് പ്രസിഡന്റ് തികച്ചും വ്യക്തിപരമായ തലത്തില്‍ നടത്തിയ പ്രസ്താവനയാണിതെന്നും ഇത്തരം പ്രസ്താവനകള്‍ പാര്‍ട്ടിയ്ക്ക് നല്ലതല്ലെന്നും യുപിയിലെ ബിജെപി വക്താവ് ഐപി സിംഗ് പ്രതികരിച്ചു. പ്രസ്താവന വിവാദമായതോടെ ദയാശങ്കർ സിംഗ് ഖേദം പ്രകടിപ്പിച്ചു.