ന്യൂഡല്‍ഹി|
VISHNU N L|
Last Updated:
തിങ്കള്‍, 20 ജൂലൈ 2015 (17:54 IST)
പുരുഷന്മാരുടെ വിവാഹപ്രായം 18 വയസ്സാക്കി കുറക്കണമെന്ന് വനിതാ ശിശുക്ഷേമ മന്ത്രാലയം നിയോഗിച്ച ഉന്നതതല സമിതിയുടെ നിര്‍ദ്ദേശം. നിലവില്‍ പുരുഷന്മാര്‍ക്ക് 21 വയസ്സും സ്ത്രീകളുടെ വിവാഹ പ്രായം 18 വയസ്സുമാണ്. മുസ്ലീം-ക്രിസ്ത്യന്‍ വിവാഹ നിയമങ്ങളിലും സമിതി മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടിട്ടുണ്ട്.
മുസ്‌ലിം സമുദായങ്ങളിൽ തലാഖ് ചൊല്ലി വിവാഹമോചനം നിരോധിക്കണമെന്നും സമിതി ശുപാർശ ചെയ്യുന്നു. ഇത്തരത്തിലുള്ള വിവാഹ മോചനങ്ങൾ ഏകപക്ഷീയമായ നടപടിയാണ്. വിവാഹത്തിലൂടെ ലഭിക്കുന്ന സുരക്ഷിതത്വത്തിന് ഇത് ഭീഷണിയാണ്. അതിനാൽ ഇത് നിരോധിക്കണമെന്നാണ് സമിതി ശുപാർശ ചെയ്തിരിക്കുന്നത്. ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ വിവാഹമോചന പരിധി ഒരു വര്‍ഷമായി കുറക്കണം. നിലവില്‍ രണ്ടുവര്‍ഷമാണ് കാലാവധി.
സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹത്തിനു മുന്നോടിയായുള്ള നോട്ടീസ് കാലയളവ് 30 ദിവസത്തില്‍ നിന്നും ഏഴുദിവസമായി കുറക്കണം.റജിസ്റ്റർ വിവാഹത്തിന് നോട്ടീസ് പതിക്കുന്ന രീതി അവസാനിപ്പിക്കണം. ശൈശവ വിവാഹ നിരോധന നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.