‘കീറിമുറിക്കാന്‍ ബ്ലേഡ് എടുത്തപ്പോള്‍ ശ്വാസമെടുത്തു’; മരിച്ചെന്ന് കരുതി രാത്രി മുഴുവന്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചയാള്‍ക്ക് ജീവനുണ്ടായിരുന്നു

 death , police , hospital , man , morgue , alive , പോസ്‌റ്റ്‌മോര്‍ട്ടം , മോര്‍ച്ചറി , കാശിറാം , ജീവന്‍ , ആശുപത്രി
ഭോപ്പാല്‍| Last Modified ശനി, 22 ജൂണ്‍ 2019 (19:09 IST)
മോര്‍ച്ചറിയില്‍ ഒരു രാത്രി മുഴുവന്‍ സൂക്ഷിച്ചയാള്‍ക്ക് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത് പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന് തൊട്ടുമുമ്പ്. മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ ബീനാസിവില്‍ ആശുപത്രിയിലാണ് സംഭവം.

പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യാനായി പുറത്തെടുത്തപ്പോഴാണ് മോര്‍ച്ചറിയില്‍ ഒരു രാത്രി സൂക്ഷിച്ച കാശിറാമിന് (72)
ജീവനുണ്ടെന്ന വിവരം ഡോക്ടര്‍മാര്‍ക്ക് മനസിലാകുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് വിദഗ്ദ ചികിത്സ നല്‍കിയെങ്കിലും വെള്ളിയാഴ്ച രാവിലെ 10.20 ഓടെ ഇദ്ദേഹം മരിച്ചു.

റോഡില്‍ ബോധരഹിതനായി കിടന്ന കാശിറാമിനെ വ്യാഴാഴ്ച്ചയാണ് ചിലര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. ഡ്യൂട്ടി ഡോക്‍ടര്‍ പരിശോധന നടത്തി ഒമ്പത് മണിയോടെ മരണം സ്ഥിരീകരിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിന് മുമ്പ് വിവരം പൊലീസില്‍ അറിയിക്കുകയും ചെയ്‌തു.

പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പായി പൊലീസ് ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍ എത്തിയതിന് പിന്നാലെയാണ് കാശിറാമിന് ജീവനുണ്ടെന്ന വിവരം ഡോക്‍ടര്‍മാര്‍ അറിയിച്ചത്. പോസ്‌റ്റ്‌മോര്‍ട്ടം ടേബിളില്‍ കിടത്തിയതിന് പിന്നാലെ ഇയാള്‍ ശ്വാസമെടുത്തു. ഇത് ശ്രദ്ധയില്‍ പെട്ട ഡോക്‍ടര്‍ കാശിറാമിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞ് ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ചികിത്സാ പിഴവില്‍ ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :