ബക്കിള്‍ വിളിച്ചു, മാഗിയെ രക്ഷിക്കാന്‍ ശ്രീലങ്കയില്‍ നിന്ന് ശിവാനി വരുന്നു

മാഗി നൂഡിത്സ് , ശ്രീലങ്ക , നെസ്‌ലെ മാഗി , പോള്‍ ബക്കിള്‍ , ശിവാനി ഹെഗ്‌ഡെ
ന്യൂഡല്‍ഹി| jibin| Last Modified ശനി, 6 ജൂണ്‍ 2015 (16:26 IST)
രാസപദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നെസ്‌ലെ മാഗി നൂഡില്‍സിന്റെ ഒമ്പത് ഉല്‍‌പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ വിലക്ക് വീണതോടെ നഷ്ടപ്പെട്ട പ്രതിച്ഛായ എന്തുവിലകൊടുത്തും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലായി കമ്പനി. ഇതിന്റെ ഭാഗമായി 1980കളില്‍ മാഗി വിപണിയിലിറക്കി വന്‍ ഹിറ്റാക്കി തീര്‍ക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ശിവാനി ഹെഗ്‌ഡെയെ ഇന്ത്യയിലേക്ക് തിരിച്ചുവിളിച്ചിരിക്കുകയാണ് നെസ്‌ലെയുടെ ദക്ഷിണേഷ്യ തലവന്‍ പോള്‍ ബക്കിള്‍.

നെസ്‌ലയുടെ ശ്രീലങ്കയില്‍ മാനേജിംഗ് ഡയറക്റ്ററായി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ശിവാനിയാണ്. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ മാഗിക്ക് വന്‍ തിരിച്ചടി ഏറ്റുവാങ്ങേണ്ടി വന്നതിനാല്‍ ശിവാനിയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനാണ് പോള്‍ ബക്കിള്‍ തീരുമനിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും വരെ മാഗി ലഭ്യമാക്കി വിപണിയുടെ എഴുപത് ശതമാനവും സ്വന്തമാക്കാന്‍ ശിവാനിക്ക് സാധിച്ചിരുന്നു ഇതാണ് അവരുടെ ഇന്ത്യയിലേക്കുള്ള തിരിച്ചു വരവിന് കാരണമാകുന്നത്.

നെസ്‌ലെ യുടെ ആഗോള മാര്‍ക്കറ്റിംഗ് നേതൃത്വ സമിതിയിലെ അംഗമാണ് ശിവാനി ഹെഗ്‌ഡെ. മാഗിയുടെ പരസ്യത്തിന്റെ ദിശ മാറ്റി 'രുചിയില്‍ നിന്ന് ആരോഗ്യം' എന്ന ആശയം അവതരിപ്പിച്ചത് ശിവാനിയാണ്. മാഗിയുടെ പ്രചാരവും വിതരണവും വര്‍ധിച്ചതോടെ നൂഡില്‍സ് വിപണിയുടെ 70 ശതമാനം വിഹിതവും നെസ്‌ലെ സ്വന്തമാക്കിയിരുന്നു. എന്നാല്‍ രാസപദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നെസ്‌ലെ മാഗി നൂഡില്‍സിന്റെ ഒമ്പത് ഉല്‍‌പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ വിലക്ക് വീണതോടെ കമ്പനി സമ്മര്‍ദ്ദത്തിലാകുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വിപണിയുടെ താളം വ്യക്തമായി അറിയാവുന്ന ശിവാനിയെ തിരികെയെത്തിക്കാന്‍ പോള്‍ ബക്കിള്‍ തയാറാകുകയായിരുന്നു. ഇതിനുപുറമെ അമേരിക്കന്‍ പബ്ലിക് റിലേഷന്‍സ് ഭീമന്‍ ആപ്‌കോ വേള്‍ഡ്‌വൈഡും മാഗിയുടെ ബ്രാന്‍ഡ് ഇമേജ് തിരിച്ചുപിടിക്കാന്‍ കളത്തിലിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സുരക്ഷിതമല്ലാത്തതും ആരോഗ്യത്തിന് ഹാനികരവുമായതിനാൽ ഇന്ത്യയില്‍ മാഗി നൂഡില്‍‌സ് കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കുകയായിരുന്നു. തുടര്‍ന്ന് മാഗിയുടെ ഒമ്പത് ഉല്‍പന്നങ്ങളും വിപണിയില്‍ നിന്ന് പിന്‍‌വലിക്കാനും കേന്ദ്ര ഭക്ഷ്യസുരക്ഷാ വിഭാഗം മാഗി നിര്‍മ്മാതാക്കളായ നെസ്‌ലേയോട്
നിര്‍ദ്ദേശിക്കുകയും ചെയ്തു.

മാഗിയിൽ ഉപയോഗിക്കുന്ന സോഡിയം ഗ്ലൂട്ടാമേറ്റ് സംബന്ധിച്ച വിവരങ്ങൾ കമ്പനി ഉപഭോക്താക്കളിൽ നിന്ന് മറച്ചുവച്ചു.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ നെസ്‌ലേ പാലിച്ചുമില്ല. ഈ കാരണത്താല്‍ മാഗിയുടെ ഇന്ത്യയിലെ ഉൽപാദനം, വിതരണം, ഇറക്കുമതി എന്നിവയും കേന്ദ്രം നിരോധിക്കുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :