ഭോപ്പാല്‍|
priyanka|
Last Modified തിങ്കള്‍, 22 ഓഗസ്റ്റ് 2016 (16:52 IST)
മധ്യപ്രദേശിലെ പ്രളയ ഭൂമി സന്ദര്‍ശിക്കാന്‍ എത്തിയ ശിവരാജ് സിധ് ചൗഹാനെ അംഗരക്ഷകര്‍ താങ്ങിക്കൊണ്ട് പോകുന്ന ഫോട്ടോയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. വെള്ളപ്പൊക്ക ബാധിത പ്രദേശം സന്ദര്‍ശിക്കുന്നതിനിടെ വെള്ളം കെട്ടികിടക്കുന്ന സ്ഥലം മുറിച്ച് കടക്കാനായി പൊലീസുകാര്‍ അദ്ദേഹത്തെ എടുക്കുന്ന ദൃശ്യങ്ങളാണ് ചര്‍ച്ചയാകുന്നത്.
അതേസമയം ഇത്തരം വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ പാമ്പുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അപകടം തടയാന്‍ വേണ്ടിയാണ് മുഖ്യമന്ത്രിയെ എടുത്ത് മറുകരയിലെത്തിച്ചതെന്ന് കളക്ടറും പൊലീസ് മേധാവിയും അറിയിച്ചു. വെള്ളപ്പൊക്കം വന്‍ നാശം സൃഷ്ടിച്ച രേവ, സത്‌ന, പന്ന എന്നീ ജില്ലകളാണ് മുഖ്യമന്ത്രി സന്ദര്‍ശിച്ചത്. വെള്ളപ്പൊക്കത്തില്‍ പെട്ട് ഇതിനോടകം 17 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.
ഉദ്യോഗസ്ഥരെ അടിയാളരായി കാണുന്ന മന്ത്രിയുടെ നടപടിയ്‌ക്കെതിരെ നവമാധ്യമങ്ങളില്‍ ട്രോളുകള്‍ പ്രവഹിക്കുകയാണ്. കഴിഞ്ഞയാഴ്ച സ്വാതന്ത്ര്യ ദിന ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സുരക്ഷ ഉദ്യോഗസ്ഥനെ കൊണ്ട് ചെരുപ്പ് അണിയിച്ച ഒഡീഷ മന്ത്രിയുടെ നടപടിയും വന്‍വിവാദം സൃഷ്ടിച്ചിരുന്നു.