ലോക്സഭ സമ്മേളനത്തിന്‍ ഇന്നു തുടക്കം

ന്യൂഡല്‍ഹി| VISHNU.NL| Last Modified ബുധന്‍, 4 ജൂണ്‍ 2014 (09:30 IST)
പതിനാറാം ലോക്സഭാ സമ്മേളനത്തിന് ഇന്നു തുടക്കം. കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ ആകസ്മിക വേര്‍പാടിന്‍െറ സാഹചര്യത്തില്‍ മുണ്ടെയ്ക്ക് ആദരാഞ്ജലികളര്‍പ്പിച്ച് സഭ മറ്റു നടപടികളിലേക്ക് കടക്കാതെ ഇന്നത്തേക്ക് പിരിയും.
ഇതാദ്യമായാണ് ഒരു സഭാ സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ അന്തരിച്ച നേതാവിന് ആദരാഞ്ചലി അര്‍പ്പിച്ച് പിരിയുന്നത്.

അതിനാല്‍ വെള്ളിയാഴ്ച സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടത്താനാകുമോയെന്ന് വ്യക്തമല്ല. 543 അംഗങ്ങള്‍ ഓരോരുത്തരായി സത്യവാചകം ചൊല്ലി സ്ഥാനമേല്‍ക്കേണ്ടതുണ്ട്. അംഗങ്ങളുടെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച ഉച്ചക്കകം പൂര്‍ത്തിയാക്കി ഉച്ചക്കുശേഷം സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള ആലോചനയിലാണെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് വൃത്തങ്ങള്‍ പറഞ്ഞു.

സ്പീക്കര്‍ തെരഞ്ഞെടുപ്പ് വരെയുള്ള സഭാനടപടികള്‍ക്ക് പ്രോ ടെം സ്പീക്കര്‍ കമല്‍നാഥ് നേതൃത്വം നല്‍കും. കമല്‍നാഥ് സഭയില്‍ മറ്റ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ആദ്യം പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് പിന്നീട് അക്ഷരമാല ക്രമത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ എന്നിങ്ങനെയാണ് സത്യവാചകം ചൊല്ലുക. സ്പീക്കര്‍ തെരഞ്ഞെടുപ്പിനുശേഷം ജൂണ്‍ ഒമ്പതിന് രാജ്യസഭയുടെയും ലോക്സഭയുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഭിസംബോധന ചെയ്യും.

തുടര്‍ന്ന് പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം രാഷ്ട്രപതി നിര്‍വഹിക്കും. ശേഷം ഒമ്പതിന് രാജ്യസഭാ സമ്മേളനം തുടങ്ങും. നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയം ഇരു സഭകളിലും അവതരിപ്പിച്ച് ചര്‍ച്ച ചെയ്ത് പാസാക്കി ജൂണ്‍ 11ന് സഭ പിരിയാനാണ് തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :