വിവാഹിതയായ സ്ത്രീ മറ്റൊരു പുരുഷനുമൊത്ത് താമസിക്കുന്നത് നിയമവിരുദ്ധം: ഹൈക്കോടതി

ജയ്‌പൂർ| അഭിറാം മനോഹർ| Last Modified ബുധന്‍, 18 ഓഗസ്റ്റ് 2021 (18:48 IST)
ജയ്‌പൂർ: വിവാഹിതയായ സ്ത്രീ മറ്റൊരു പുരുഷനുമൊത്ത് ഒന്നിച്ച് കഴിയുന്നത്(ലിവ് ഇൻ) നിയമവിരുദ്ധമണെന്ന് രാജസ്ഥാൻ ഹൈക്കോടതി. പോലീസ് സംരക്ഷണം തേടി മുപ്പതുകാരി നൽകിയ ഹർജി തള്ളികൊണ്ടാണ് ജസ്റ്റിസ് സതീഷ് കുമാർ ശർമയുടെ ഉത്തരവ്.

രാജസ്ഥാനിലെ ജുൻജുനു ജില്ലയിലെ 30കാരിയും 27കാരനുമാണ് പോലീസ് സംരക്ഷണം തേടി കോടതിയെ സമീപിച്ചത്. ഭർത്താവ് ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും ഇതിനാലാണ് ഭർത്താവിൽ നിന്ന് അകന്നുകഴിയുന്നതെന്നും യുവതി കോടതിയെ ബോധിപ്പിച്ചു. രണ്ടുപേരും പ്രായപൂർത്തിയായവരാണെന്നും ഒരുമിച്ചു കഴിയുകയാണെന്നും യുവതി വ്യക്തമാക്കി.

അതേസമയം യുവതിയുടെ വിവാഹമോചനം നടന്നിട്ടില്ലെന്ന് കാട്ടിയാണ് കോടതി വാദം തള്ളിയത്. വിവാഹമോചനം നേടിയിട്ടില്ലാത്ത ഒരാൾ മറ്റൊരാളുമായി താമസിക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി പറഞ്ഞു. സമാനമായ മറ്റൊരു കേസിലെ അലഹബാദ് കോടതി പുറപ്പെടുവിച്ച വിധിയും കോടതി ഉദ്ധരിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :