അഭിറാം മനോഹർ|
Last Modified ചൊവ്വ, 24 ഓഗസ്റ്റ് 2021 (20:29 IST)
കേന്ദ്രധനമന്ത്രി
നിർമല സീതാരാമൻ പ്രഖ്യാപിച്ച നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ പദ്ധതിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. നിയമാനുസൃതവുമായ കൊള്ള, സംഘടിതമായ കവര്‍ച്ച എന്നാണ് പദ്ധതിയെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്.
ജനങ്ങളുടെ കഷ്‌ടപ്പാടിലൂടെ പതിറ്റാണ്ടുകൾ കൊണ്ട് ഉണ്ടാക്കിയ കോടിക്കണക്കിന് രൂപയുടെ സ്വത്ത് കേന്ദ്രം അവരുടെ സുഹൃത്തുക്കളായ കോടീശ്വരന്മാർക്ക് നൽകുകയാണ്. ഇപ്പോള്‍ മോണിറ്റൈസേഷന്‍ മേള. ഇതിനെയാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പണ്ട് സംഘടിതവും നിയമാനുസൃതവുമായ കൊള്ള എന്ന് വിശേഷിപ്പിച്ചത്. കോൺഗ്രസ് നേതാവായ ജയറാം രമേഷ് പറഞ്ഞു.
രാജ്യത്തെ ബിജെപി സര്‍ക്കാര്‍ സ്വത്തുക്കള്‍ കാത്തുസംരക്ഷിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയും വിമര്‍ശിച്ചു. റോഡുകള്‍, റെയില്‍, ഖനികള്‍, ടെലികോം, വൈദ്യുതി, ഗ്യാസ്, എയര്‍പോര്‍ട്ടുകള്‍, തുറമുഖങ്ങള്‍, സ്‌പോര്‍ട്‌സ് സ്റ്റേഡിയം എല്ലാം മോദി ജി വിൽക്കും. രാജ്യത്തെ ഒരു സ്വത്തും സംരക്ഷിക്കില്ല രണ്‍ദീപ് സിങ് സുര്‍ജേവാല ട്വീറ്റ് ചെയ്തു.
നാല് വര്‍ഷം കൊണ്ട് ആറ് ലക്ഷം കോടി രൂപ മൂല്യം വരുന്ന ആസ്തികള്‍ വിറ്റഴിക്കുന്നതാണ് നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്ലൈന്‍ പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.