ലക്നൗ|
aparna shaji|
Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2016 (08:52 IST)
ഉത്തർപ്രദേശിലെ ബുലന്ത്ഹാറിൽ അമ്മയെയും മകളെയും കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് ഉത്തർപ്രദേശ്
ഗവർണർ രാം നായിക്. ഇതുപോലുള്ള സംഭവം ഇനി സംസ്ഥാനത്ത് ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് സര്‍ക്കാറിനോടും പൊലീസിനോടും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യത എല്ലാവര്‍ക്കുമുണ്ട്. മുഖ്യമന്ത്രി അഖിലേഷ് യാദവ് ഈ വിഷയത്തില്‍ സ്വീകരിച്ച നടപടികളില്‍ ഗവര്‍ണര്‍ സംതൃപ്തി രേഖപ്പെടുത്തി.
സംഭവത്തിൽ 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. അഞ്ച് പേരടങ്ങുന്ന സംഘമാണ് തങ്ങളെ ഉപദ്രവിച്ചതെന്ന് ഇവര്‍ ബുലന്ദ്ഷാര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. ഡൽഹിയിൽനിന്നും ഉത്തർപ്രദേശിലെ ഷാജഹൻപൂരിലേക്കു പോവുകയായിരുന്ന കുടുംബത്തെ അഞ്ചംഗ കവർച്ചാസംഘം തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് തോക്കുധാരികളായ സംഘം കാര്‍ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു സ്ഥലത്തേക്ക് കൊണ്ടു പോകാന്‍ ആവശ്യപ്പെട്ടു. അവിടെവെച്ച് ഇവരുടെ കയ്യിലുണ്ടായിരുന്ന പണവും സ്വര്‍ണവും മൊബൈല്‍ ഫോണും അപഹരിച്ചു. അതിനുശേഷം ഇവർക്കൊപ്പമുണ്ടായിരുന്ന പുരുഷനെ കെട്ടിയിട്ടശേഷം അമ്മയെയും മകളെയും വലിച്ചിഴച്ച് കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് രക്ഷപെട്ട കുടുംബാംഗങ്ങളിൽ ഒരാളാണ് വിവരം പൊലീസിനെ അറിയിച്ചത്.