ന്യൂഡല്‍ഹി|
JOYS JOY|
Last Modified വ്യാഴം, 25 ഓഗസ്റ്റ് 2016 (11:04 IST)
ഒന്നാം വയസ്സില്‍ തട്ടിക്കൊണ്ടു പോകപ്പെട്ട കുഞ്ഞിനെ പത്താം വയസ്സില്‍ മാതാപിതാക്കള്‍ക്ക് തിരിച്ചുകിട്ടി. പത്താം പിറന്നാള്‍ ദിനത്തില്‍ ആയിരുന്നു ഷഹാബിനെ മാതാപിതാക്കള്‍ക്ക് തിരിച്ചു കിട്ടിയത്. തലസ്ഥാനനഗരിയില്‍ നൂറുകണക്കിന് കുട്ടികള്‍ തട്ടിക്കൊണ്ടു പോകപ്പെടുന്നതിനിടയിലാണ് ഇങ്ങനെയൊരു തിരിച്ചുവരവ്.
2007 നവംബര്‍ പതിനാലിന്, അതായത് ശിശുദിനത്തില്‍ ആയിരുന്നു ബാല്‍സ്വ സ്വദേശിനിയായ ഫരീദയുടെ ഒരുവയസ്സുള്ള മകനെ ബാബു ജഗ്‌ജീവന്‍ റാം ആശുപത്രിയില്‍ നിന്ന് കാണാതായത്. മകന് വാക്‌സിനേഷന്‍ എടുക്കാന്‍ വേണ്ടി ആശുപത്രിയില്‍ എത്തിയപ്പോള്‍ ആയിരുന്നു സംഭവം. ആ സമയത്ത് മൂന്നുമാസം ഗര്‍ഭിണിയായിരുന്ന ഫരീദ മകനായ ഷഹാബിനെ ബെഞ്ചില്‍ ഇരുത്തി വാക്‌സിനേഷനുള്ള ക്യൂവില്‍ ഫരീദ
നില്ക്കുമ്പോള്‍ ആയിരുന്നു മകനെ നഷ്‌ടമായത്. ആശുപത്രിയിലും പരിസരത്തും തെരച്ചില്‍ നടത്തിയെങ്കിലും മകനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
മകനെ കാണാതായത് കൃഷ്‌ണ നഗര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, അന്വേഷണം നടത്തിയിട്ടും ഫലം കാണാത്തതിനെ തുടര്‍ന്ന് 2009ല്‍ പൊലീസ് കേസ് ക്ലോസ് ചെയ്തു. എന്നാല്‍, ഫരീദയും താനും ദിവസവും നാലുമണിക്കൂര്‍ എങ്കിലും മകനായി തിരച്ചില്‍ നടത്തിയെന്ന് ഷഹാബിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. എപ്പോഴും മകന്റെ ചിത്രം പോക്കറ്റില്‍ കാണുമായിരുന്നു, കാരണം പ്രാര്‍ത്ഥനകള്‍ക്ക് ദൈവം എപ്പോഴാണ് മറുപടി നല്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മെയ് മാസത്തില്‍ ഒരു വിവാഹച്ചടങ്ങിന് പോയപ്പോള്‍ സീലാംപുറില്‍ നിന്നുള്ള ദമ്പതികളെ മകന്റെ ചിത്രം കാണിച്ചപ്പോള്‍ അവരാണ് ഇതേ ലക്ഷണങ്ങള്‍ ഉള്ള ഒരു കുട്ടി തങ്ങളുടെ അയല്‍പക്കത്ത് ഉണ്ടെന്ന് പറഞ്ഞത്.
നര്‍ഗീസ്, മൊഹമ്മദ് ഷമിം ദമ്പതികളുടെ പക്കലായിരുന്നു ഷഹാബ് ഉണ്ടായിരുന്നത്. പൊലീസ് ഇതു സംബന്ധിച്ച് ചോദ്യം ചെയ്തപ്പോള്‍ ഷഹാബിനെ തങ്ങള്‍ ദത്തെടുത്തതാണ് എന്നായിരുന്നു അവരുടെ മറുപടി. എന്നാല്‍, ഇതു സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട്, നടത്തിയ ഡി എന്‍ എ പരിശോധനയില്‍ ഷഹാബ് ഫരീദയുടെ മകനാണെന്ന് സ്ഥിരീകരിച്ചു.