ന്യുഡല്‍ഹി|
Last Modified ചൊവ്വ, 14 ഒക്‌ടോബര്‍ 2014 (13:28 IST)
ബിജെപിയുടെ ഡല്‍ഹി ഓഫീസില്‍ ശൗചാലയം നിര്‍മിച്ച് നല്‍കാമെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. പണ്ഡിറ്റ് പന്ത് മാര്‍ഗ് റോഡിലെ ബിജെപി ഓഫീസില്‍ വനിതകള്‍ക്ക് ശൗചാലയ സൗകര്യമില്ലെന്ന് കാണിച്ചാണ് ഈ വാഗ്ദാനവുമായി കെജ്രിവാള്‍ രംഗത്തെത്തിയത്. ഗാന്ധിജയന്തി ദിനത്തില്‍ രാജ്യമെമ്പാടും ശുചിത്വ സന്ദേശം നല്‍കിയ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കുള്ള മറുപടിയാണ് കെജ്‌രിവാളിന്റെ നീക്കം.
ശൗചാലയം നിര്‍മ്മിക്കുന്നതില്‍ രാഷ്ട്രീയം കാണേണ്ട കാര്യമില്ല. ബിജെപി ഓഫീസ് സ്ഥിതി ചെയ്യുന്നത് തന്റെ മണ്ഡലത്തിലാണ്. അതിനാല്‍ തന്നെ തന്റെ പ്രദേശിക വികസന ഫണ്ടില്‍ നിന്നും പണം മുടക്കാന്‍ തയ്യാറാണെന്നും കെജ്‌രിവാള്‍ പറയുന്നു. നിലവില്‍ ഓഫീസിലുള്ള ശൗചാലയം വൃത്തിഹീനമാണ്. സ്ഥലപപരിമിതിയുമുണ്ട്. സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ നാല് യൂണിറ്റുകളുള്ള ശൗചാലയം നിര്‍മിക്കണമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
തന്റെ എംഎല്‍എയുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്നും പണം മുടക്കി ശൗചാലയം പണിതുനല്‍കാമെന്നാണ് കെജ്‌രിവാളിന്റെ വാഗ്ദാനം. ഇത് കാണിച്ച് കെജ്‌രിവാള്‍ ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍പഴ്‌സണിന് കത്ത് നല്‍കി.
രാജ്യമെമ്പാടും സ്വച്ഛ ഭാരതം യജ്ഞത്തിനായി ആഹ്വാനം ചെയ്ത മോഡി സ്വന്തം പാര്‍ട്ടി ഓഫീസിലെ സ്ഥിതി മനസ്സിലാക്കിയിട്ടില്ലെന്ന് കെജ്‌രിവാള്‍ കുറ്റപ്പെടുത്തുന്നു.
അതേസമയം മറ്റു പാര്‍ട്ടികളുടെ കാര്യം ആലോചിക്കാതെ കെജ്‌രിവാള്‍ സ്വന്തം പാര്‍ട്ടിക്കാരെ കുറിച്ച് ചിന്തിക്കണമെന്നു അവര്‍ക്ക് സ്ഥിരമായി ഒരു ഓഫീസ് സ്ഥാപിക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നും ബിജെപി മീഡിയ കോര്‍ കണ്‍വീനര്‍ പ്രവീണ്‍ ശങ്കര്‍ കപൂര്‍ ആരോപിച്ചു. ബിജെപി ഓഫീസില്‍ ശൗചാലയ നിര്‍മ്മാണം ബുധനാഴ്ച തുടങ്ങുമെന്നും കപൂര്‍ പറഞ്ഞു.