ന്യൂഡല്‍ഹി|
vishnu|
Last Modified ചൊവ്വ, 6 ജനുവരി 2015 (08:41 IST)
ജമ്മുകശ്മീരില്‍ പിഡിപി-ബിജെപി മന്ത്രിസഭയ്ക്ക് സാധ്യതയെന്നാണ് പുതിയ റിപ്പോര്‍ടുകള്‍. ബിജെപിയുടെ പ്രശ്നാധിഷ്ടിത പിന്തുണ സ്വീകരിക്കാന്‍ തയ്യാറാണെന്നാണ് ഇപ്പോള്‍ പിഡിപി പറയുന്നത്. ഇത് യാഥാര്‍ഥ്യമായാല്‍ ബിജെപി പിന്തുണയോടെ പിഡിപി മന്ത്രിസഭ കശ്മീരില്‍ അധികാരത്തില്‍ എത്തും. ബിജെപിയുടെ പ്രശ്‌നാധിഷ്ഠിത പിന്തുണ സ്വീകരിച്ച് മന്ത്രിസഭ രൂപവത്കരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചത് പിഡിപി വക്താവ് നയീം അക്തര്‍ ആണ്,
'ഇരുപാര്‍ട്ടികളുംതമ്മില്‍ ചര്‍ച്ച നടന്നുവരികയാണ്. പി.ഡി.പി.യുടെ ആവശ്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇനി ബി.ജെ.പി.യാണ് തീരുമാനിക്കേണ്ടത്-അക്തര്‍ പറഞ്ഞു. അതിര്‍ത്തിയിലെ സംഘര്‍ഷം ലഘൂകരിക്കുക, പാകിസ്താനുമായി വ്യാപാരം പുനരാരംഭിക്കുക, മുന്‍പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയി തുടങ്ങിവെച്ച കാര്യങ്ങള്‍ പൂര്‍ത്തിയാക്കുക എന്നിവയാണ് പിഡിപി ലക്ഷ്യമിടുന്നത്.
പി.ഡി.പി.യുമായി സഹകരിച്ച് മന്ത്രിസഭാ രൂപവത്കരണവുമായി ബന്ധപ്പെട്ട് ബി.ജെ.പി. കേന്ദ്ര നേതൃത്വം പാര്‍ട്ടി സംസ്ഥാനനേതാക്കളുമായി ഡല്‍ഹിയില്‍ ചര്‍ച്ചനടത്തവെയാണ് നയീം അക്തര്‍ ഒരു പ്രമുഖ മാധ്യമത്തോട് നയം വ്യക്തമാക്കിയത്. മുഖ്യമന്ത്രിസ്ഥാനം, കശ്മീരിന്റെ പ്രത്യേകപദവി, പ്രത്യേക സൈനികനിയമം തുടങ്ങിയവയിലെടുക്കേണ്ട നിലപാടുകളാണ് ചര്‍ച്ചയില്‍ ഇരുപാര്‍ട്ടികളും മുന്നോട്ട് വച്ചത്. ഇക്കാര്യത്തില്‍ എന്തെല്ലാം വിട്ടുവീഴ്ചകള്‍ നടത്താമെന്നാണ് ഇരുകൂട്ടരും ചിന്തിക്കുന്നത്.
അതേസമയം പി.ഡി.പി.യുമായുള്ള സര്‍ക്കാര്‍ രൂപവത്കരണചര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് ബി.ജെ.പി. കേന്ദ്രനേതൃത്വവും ഡല്‍ഹിയില്‍ വ്യക്തമാക്കി. പാര്‍ട്ടിഅധ്യക്ഷന്‍ അമിത്ഷായുടെ വസതിയില്‍ കേന്ദ്ര, സംസ്ഥാന നേതാക്കള്‍ വിഷയം ചര്‍ച്ചചെയ്തു. സഖ്യസര്‍ക്കാറുണ്ടാക്കുന്ന കാര്യത്തില്‍ പ്രാഥമികചര്‍ച്ച നടന്നതായും കൂടുതല്‍ ചര്‍ച്ച ആവശ്യമാണെന്നും പാര്‍ട്ടി ജനറല്‍സെക്രട്ടറി രാം മാധവ് പറഞ്ഞു.