ന്യൂഡൽഹി|
jibin|
Last Modified ശനി, 3 ഫെബ്രുവരി 2018 (16:12 IST)
സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവദിനെതിരെ തുടര്‍ന്നുവന്ന പ്രതിഷേധങ്ങളില്‍ നിന്നും പിന്മാറുന്നുവെന്ന് കർണിസേന. ചിത്രത്തിനെതിരെയുള്ള എല്ലാ പ്രതിഷേധങ്ങളും പിൻവലിക്കുകയാണെന്ന് കർണിസേനയുടെ മുംബൈ തലവൻ
യോഗേന്ദ്ര സിംഗ് കട്ടർ വ്യക്തമാക്കി.
പത്മാവത് രജപുത്രരെ ശ്ലാഘിക്കുന്ന സിനിമയാണെന്നും രജപുത്രരെ ഇകഴ്ത്തിക്കാട്ടുന്ന തരത്തില്‍ സിനിമയില്‍ ഒന്നുമില്ല. പ്രതിഷേധം നടത്തിയത് തെറ്റിദ്ധാരണയുടെ പേരിലാണ്, അതിനാല്‍ ചിത്രത്തിനെതിരെ തുടര്‍ന്നുവന്ന എതിര്‍പ്പുകള്‍ അവസാനിപ്പിക്കുകയാണെന്നും കര്‍ണിസേന ദേശീയ പ്രസിഡന്റ് സുഖ്ദേവ് സിംഗ് ഗോഗാദിദി പറഞ്ഞു.
ഡല്‍ഹി സുല്‍ത്താനായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയും റാണി പത്മാവതിയും തമ്മിലുള്ള ബന്ധത്തെ മോശമായ രീതിയില്‍ സിനിമയില്‍ ചിത്രീകരിക്കുന്നില്ലെന്നും സുഖ്ദേവ് സിംഗ് ഗോഗാദിദി കൂട്ടിച്ചേര്‍ത്തു.
സഞ്ജയ് ലീലാ ബന്‍സാലി ചിത്രം രജപുത്രന്മാരുടെ പ്രതാപവും ത്യാഗവുമാണ് ചിത്രം മഹത്വവല്‍ക്കരിക്കുന്നതെന്നും ഓരോ രജപുത്രനും ചിത്രം കണ്ടുകഴിയുമ്പോള്‍ അഭിമാനം തോന്നുമെന്നും ചിത്രം കണ്ടതോടെ ഇവര്‍ക്ക് ബോധ്യപ്പെട്ടുവെന്നും കര്‍ണിസേന വ്യക്തമാക്കി. രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ചിത്രം റിലീസ് ചെയ്യുന്നതിന് വേണ്ട സഹായങ്ങളൊരുക്കുമെന്നും കര്‍ണിസേന വ്യക്തമാക്കി.