വിശ്രമിക്കാതെ അമിത് ഷാ, ശൂന്യതയില്‍ നിന്ന് അത്ഭുതം സൃഷ്ടിക്കാന്‍ ബിജെപി; കര്‍ണാടകയില്‍ കാവിപ്പടയുടെ പുതിയ തന്ത്രങ്ങള്‍

അമിത് ഷാ, കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്: 2018, കര്‍ണാടക തെരഞ്ഞെടുപ്പ്, കര്‍ണാടക, സിദ്ധരാമയ്യ, ബി ജെ പി, യെദ്യൂരപ്പ, Karnataka Assembly Election 2018, Karnataka Election 2018, Karnataka, Karnataka Assembly Election, ശ്രീരാമലു
ബംഗളൂരു| BIJU| Last Modified ചൊവ്വ, 15 മെയ് 2018 (19:47 IST)
അസാധ്യം എന്ന വാക്കില്‍ നിന്ന് സാധ്യത കണ്ടെത്താനാണ് അമിത് ഷാ ശ്രമിക്കുന്നത്. കര്‍ണാടകയില്‍ ബി ജെ പിക്ക് അധികാരത്തിലെത്താനുള്ള എല്ലാ വഴികളും ആലോചിച്ച് ബി ജെ പി അധ്യക്ഷന്‍ തിരക്കിലാണ്. 104 സീറ്റ് പിടിച്ചശേഷം പ്രതിപക്ഷത്തിരിക്കുന്നത് വലിയ കഴിവുകേടായി വിലയിരുത്തപ്പെടുമെന്ന് ബി ജെ പി ചിന്തിക്കുന്നു.

അതുമാത്രമല്ല, ബി ജെ പിക്ക് ബാലികേറാമലയായ തെന്നിന്ത്യയിലേക്കുള്ള വാതില്‍ കൂടിയാണ് കര്‍ണാടക. എല്ലാ വൈതരണികളും കടന്ന് വിജയത്തിന്‍റെ പടിവരെയെത്തിയിട്ട് ഒന്നും നേടാതെ തിരികെപ്പോകാന്‍ ബി ജെ പിക്ക് ആവില്ല. അതിനാല്‍ ആവനാഴിയിലെ സകലതന്ത്രങ്ങളും പയറ്റാനാണ് അമിത് ഷായുടെ നീക്കം.

പ്രകാശ് ജാവ്ദേക്കറും ജെ പി നഡ്ഡയും ഉള്‍പ്പടെ മൂന്ന് മന്ത്രിമാരാണ് കര്‍ണാടകയിലെ അവസാനവട്ട ചര്‍ച്ചകള്‍ക്കും തന്ത്രങ്ങള്‍ക്കും രൂപം കൊടുക്കുന്ന അമിത് ഷായുടെ കോര്‍ കമ്മിറ്റിയംഗങ്ങള്‍. അവര്‍ ബംഗളൂരുവില്‍ ക്യാമ്പ് ചെയ്ത് തന്ത്രങ്ങള്‍ മെനയുകയാണ്. ജെ ഡി എസുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുള്ള കോണ്‍ഗ്രസ് നീക്കങ്ങള്‍ അട്ടിമറിക്കാനുള്ള സകല അടവുകളും ബി ജെ പി പയറ്റുമെന്നുറപ്പ്.

ജെ ഡി എസിനെ വരുതിക്ക് കൊണ്ടുവരുകയാണ് ബി ജെ പിയുടെ പ്രധാന ലക്‍ഷ്യം. ഇതിനുവേണ്ടിയുള്ള കൂടിയാലോചനകളും കൂടിക്കാഴ്ചകളും ചര്‍ച്ചകളും പുരോഗമിക്കുന്നു. കോണ്‍ഗ്രസിനെപ്പോലെ തന്നെ നിരുപാധിക പിന്തുണ ജെ ഡി എസിന് നല്‍കാന്‍ ബി ജെ പിയും തയ്യാറാണ്. കുമാരസ്വാമിയെ തന്നെ മുഖ്യമന്ത്രിയാക്കാനും തയ്യാര്‍. മറ്റെന്തൊക്കെ ഓഫറുകളാണ് ബി ജെ പി നല്‍കുന്നതെന്ന് പറയാനാവില്ല.

ജനതാദളുമായി ചേരുന്നതില്‍ എതിര്‍പ്പുള്ള കോണ്‍ഗ്രസ് അംഗങ്ങളെ കൂടെ നിര്‍ത്താനുള്ള നീക്കങ്ങളും അമിത് ഷാ നടത്താന്‍ സാധ്യതയുണ്ട്. എന്തായാലും ഇനിയുള്ള മണിക്കൂറുകളില്‍ അമിത് ഷാ നടത്തുന്ന നീക്കങ്ങളായിരിക്കും കര്‍ണാടക രാഷ്ട്രീയത്തിലെ ബി ജെ പിയുടെ ഭാവി തന്നെ തീരുമാനിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :