Last Modified തിങ്കള്‍, 18 ഫെബ്രുവരി 2019 (16:10 IST)
ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല എന്ന രജനീകാന്തിന്റെ തീരുമനത്തെ പരിഹസിച്ച് മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ. ‘ശരീരം മുഴുവൻ എണ്ണയിട്ട് തുടക്കടിച്ച് കരുത്തുകട്ടി നിന്ന ശേഷം ഇന്ന് യുദ്ധത്തിനില്ല നാളെ മത്സരിക്കാം എന്ന് ഗുസ്തിക്കാർ പറയരുത്. അങ്ങനെ പറയുന്നവർ പരിഹാസ്യരാവും‘ എന്നായിരുന്നു കമൽ ഹാസന്റെ പരാമർശം
ഇലയിട്ടതിനുശേഷം ഭക്ഷണം ഇപ്പോള്‍ വേണ്ടെന്ന് പറഞ്ഞാല്‍ പിന്നെ എന്തിനാണ് പന്തിയിൽ കയറി ഇരുന്നത് എന്ന് ആളുകൾ ചോദിക്കുമെന്നും കമൽ ഹാസൻ പറഞ്ഞു. ഡി എം കെ അധ്യക്ഷൻ എം കെ സ്റ്റാലിനെയും കമൽഹാസൻ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. സ്റ്റലിൻ നടത്തുന്ന ഗ്രാമ സഭ മക്കൾ നീതി മയ്യത്തിന്റെ പരിപാടിയുടെ കോപ്പിയാണ്. ഇന്നലെ വന്ന പയ്യനിൽ നിന്നും കോപ്പിയടിക്കാൻ നാണമില്ലേ എന്നും കമൽ ഹാസൻ ചോദിച്ചു.
പാർട്ടി രൂപികരിച്ച് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് രജനീകന്ത് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വലിയ ആരാധക വൃന്ദം പങ്കെടുത്ത പരിപാടിയിലാണ് രജനികാന്ത് രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത്. എന്നാൽ തിരഞ്ഞെടുപ്പ് അടുത്തതോടെ മത്സരിക്കാനില്ല എന്ന് രജനീകാന്ത് വ്യക്തമാക്കുകയായിരുന്നു.