ജെ എൻ യു: യുദ്ധത്തിൽ വിജയിച്ചത് തങ്ങ‌ളുടെ ആശയങ്ങളെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ജെ എൻ യു: യുദ്ധത്തിൽ വിജയിച്ചത് തങ്ങ‌ളുടെ ആശയങ്ങളെന്ന് അരുണ്‍ ജെയ്റ്റ്‌ലി

വൃന്ദാവന്| aparna shaji| Last Updated: തിങ്കള്‍, 7 മാര്‍ച്ച് 2016 (17:00 IST)
ജെ എൻ യുവിൽ നടന്നു വരുന്ന പ്രക്ഷോഭത്തിൽ അന്തിമ വിജയം ഭാരതീയ ജനതാ പാർട്ടിക്കെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. പ്രത്യയശാസ്ത്രപരമായ യുദ്ധത്തില്‍ തങ്ങള്‍ ജയിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ ദേശീയ സമ്മേളനത്തിലായിരുന്നു ജയ്റ്റ്‌ലിയുടെ പ്രതികരണം.

ജവഹർലാൽ നെഹ്‌റു യൂണി‌വേഴ്സിറ്റിയിലെ ഒരു വിഭാഗം വിദ്യാർത്ഥികൾ രാജ്യത്തിനെതിരായി മുദ്രാവാക്യങ്ങ‌ൾ മുഴക്കുകയും രാജ്യ വിരുദ്ധ പ്രവർത്തനങ്ങ‌ളിൽ ഏർപ്പെട്ടിരുന്നു‌വെന്നു‌മാണ് ബിജെപിയുടെയും സംഘപരിവാര്‍ സംഘടനയുടെയും ആരോപണം. ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തിൽ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെ സര്‍വ്വകലാശാലയും പൊലീസും നടപടിയെടുക്കുകയുണ്ടായി.

രാജ്യത്തെ വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് വന്നവരും രാജ്യത്തിനെതിരെ മുദ്രാവാക്യമുയര്‍ത്തിയവരും ഇപ്പോള്‍ ജയ് ഹിന്ദ് എന്ന് ആര്‍ത്തുവിളിക്കുകയാണ്. മുദ്രാവാക്യം വിളിക്കൊപ്പം ത്രിവര്‍ണ്ണ പതാകയും പാറിക്കുന്നു. ഇതിൽ തങ്ങളാണ് വിജയിച്ചതെന്ന് അദ്ദേഹം സമ്മേളനത്തിൽ അറിയിച്ചു.

ജനാധിപത്യ വിരുദ്ധമായാണ് ഇന്ത്യയിലെ ഇടതുപാർട്ടികൾ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പരസ്യമായി ആരോപിച്ചു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലും ഭരണഘടനയിലും എല്ലാ രാഷ്ടീയ പാർട്ടികളും വിശ്വാസമർപ്പിക്കുകയും അനുകൂലിക്കുകയും ചെയ്തപ്പോൾ എതിർപ്പ് പ്രകടിപ്പിച്ചവർ കമ്മ്യൂണിസ്റ്റുകാര്‍ മാത്രമാണെന്നും അക്രമത്തിലൂടെ ജനാധിപത്യ സംവിധാനത്തെ തകർക്കുകയാണ് അവർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 1949 നവംബർ 25ന് പാർലമെന്റിൽ ബി ആർ അംബേദ്കർ നടത്തിയ പ്രസംഗത്തെ പ്രതിപാദിച്ചായിരുന്നു ഇത്.

കോണ്‍ഗ്രസിനെയും രാഹുല്‍ഗാന്ധിയെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. യാക്കൂബ് മേമനെയും അഫ്‌സല്‍ ഗുരുവിനെയും അനുകൂലിച്ച് കൊണ്ട് പരിപാടികൾ സംഘടിപ്പിച്ച ഒരു വിഭാഗം വിദ്യാർത്ഥികൾക്ക് പിന്തുണയായത് ഒരു കോണ്‍ഗ്രസ് നേതാവാണെന്നാണ് ജെയ്റ്റ്‌ലിയുടെ വിമർശനം







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :