ഹര്‍ജി മാറ്റിവച്ചു, ജയ ജയിലില്‍ തന്നെ

ബാംഗ്ളൂ‌ര്‍| VISHNU.NL| Last Modified ബുധന്‍, 1 ഒക്‌ടോബര്‍ 2014 (11:57 IST)
അനധികൃത സ്വത്ത് സമ്പാദന കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി ഒക്ടോബര്‍ ഏഴിലേക്ക് മാറ്റി. ഇതോടെ ജയലളിതയ്ക്ക് അടുത്ത തവണ കോടതി കൂടുന്നതുവരെ ജയിലില്‍ തന്നെ തുടരേണ്ടി വരും.

ജയലളിതയുടെ ജാമ്യഹര്‍ജിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് കേസ് നീട്ടിവച്ചത്.

ഒക്ടോബര്‍ ഏഴിന് കോടതിയുടെ സ്ഥിരം ബെഞ്ചാവും കേസ് പരിഗണിക്കുക. ദസ്റ, നവരാത്രി ആഘോഷങ്ങള്‍ പ്രമാണിച്ച് അവധി ആയതിനാലാണ് കേസ് നീട്ടിയത്.


29ന് നല്‍കിയ ജയലളിതജാമ്യാപേക്ഷ ചൊവ്വാഴ്ച രാവിലെയാണ് കോടതി പരിഗണിച്ചത്.
കേസ് പരിഗണിച്ച കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം ആറാം തീയതിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ അഭിഭാഷകന്‍ രാംജഠ്മലാനി ജയലളിതയുടെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി ഹൈക്കോടതി രജിസ്ട്രാറെ സമീപിച്ചതോടെ കേസ് പരിഗണിക്കാന്‍ അവധിക്കാല ജഡ്‌ജി രത്നകലയോട് ചീഫ് ജസ്റ്റീസ് ജെ എച്ച് വഗേല നിര്‍ദ്ദേശിക്കുകയായിരുന്നു.

എന്നാല്‍ ഇന്ന് കേസ് പരിണിച്ചപ്പോള്‍ പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെ ജാമ്യ ഹര്‍ജി സ്ഥിരം ബെഞ്ച് കേള്‍ക്കുന്നതാണ് ഉചിതമെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രായാധിക്യവും ആരോഗ്യകാരണങ്ങളും ചൂണ്ടിക്കാട്ടിയാണ് ജാമ്യം തേടുന്നത്. ശിക്ഷ കൂടിപ്പോയെന്ന പരാതിയും 900 പേജോളം വരുന്ന ഹര്‍ജിയില്‍ ജയലളിത ഉന്നയിച്ചിരുന്നു.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :