വിദ്യാർത്ഥികളുടെ പ്രക്ഷോഭം ചരിത്രമാകുന്നു; തമിഴ് ജനതയുടെ ആവേശം ത‌ല്ലിക്കെടുത്താൻ പൊലീസ് ലാത്തി വീശി, തളരാതെ പ്രക്ഷോഭക്കാർ

ജെല്ലിക്കെട്ട് നിരോധനം: വിദ്യാര്‍ഥി പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജ്

ചെന്നൈ| aparna shaji| Last Updated: വ്യാഴം, 19 ജനുവരി 2017 (08:08 IST)
ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് യുവജന - വിദ്യാര്‍ഥി പ്രക്ഷോഭത്തിന് തമിഴകം സാക്ഷ്യയാകുന്നു. മറീനയില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് വിദ്യാര്‍ഥി പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ തമിഴ്നാട് പൊലീസ് ഇന്നലെ രാത്രി വൈകി ലാത്തിച്ചാര്‍ജ് നടത്തി. പ്രക്ഷോഭം നടത്തുന്നവരെ അറസ്റ്റ് ചെയ്യരുതെന്ന് പ്രതിപക്ഷനേതാവ് എം കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

ജെല്ലിക്കെട്ട് നിരോധിക്കുന്നതിന് ഇടവരുത്തിയ പെറ്റ എന്ന സംഘടനയെ നിരോധിക്കണമെന്നും എത്രയും വേഗം ജെല്ലിക്കെട്ട് നടത്താനുള്ള അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീംകോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാത്ത കേന്ദ്രത്തിനെതിരെയാണ് സമരക്കാരുടെ രോഷം. പൊലീസ് ഇടപെടല്‍ ശക്തമായാല്‍ ഇത് സംസ്ഥാന സര്‍ക്കാറിനെതിരായ പ്രക്ഷോഭമായി വളരും. അതിനാല്‍ തന്ത്രപരമായ സമീപനം സ്വീകരിക്കാനാണ് പൊലീസിന് നിര്‍ദേശം നല്‍കിയത്. മറീന ബീച്ചിലെ പൊലീസ് ഇടപെടല്‍ തല്‍സമയം റിപ്പോര്‍ട്ട് ചെയ്ത ചാനലുകള്‍ സംസ്ഥാന സര്‍ക്കാറിന്റെ രഹസ്യ ഇടപെടലിനത്തെുടര്‍ന്ന് ഇത് അവസാനിപ്പിച്ചു.

എന്നാല്‍, ഡി എം കെയുടെ അധീനതയിലുള്ള കലൈഞ്ജര്‍, സണ്‍ ടി വികള്‍ തല്‍സമയം ദൃശ്യങ്ങള്‍ ജനങ്ങളിലത്തെിക്കുന്നുണ്ട്. അതേസമയം തമിഴ് സംസ്കൃതിയുടെ ഭാഗമായ ജെല്ലിക്കെട്ട് വീണ്ടെടുക്കാന്‍ തങ്ങള്‍ നടത്തുന്നത് അറബ് വസന്തത്തിന് തുല്യമായ സമരമാണെന്ന്
സമൂഹമാധ്യമ കൂട്ടായ്മ വ്യക്തമാക്കി.

ജെല്ലിക്കെട്ടിനായുള്ള സമരം തമിഴ്‌നാട്ടില്‍ പുതിയ ചരിത്രമെഴുതുകയാണ്. സമീപകാലത്തെങ്ങും തമിഴകം ഇത്രയും വലിയ ഒരു പ്രക്ഷോഭത്തിന് സാക്‍ഷ്യം വഹിച്ചിട്ടില്ല എന്നത് സത്യം. തമിഴ്നാടിന്‍റെ വിവിധഭാഗങ്ങളിലായി വിദ്യാര്‍ത്ഥികളാണ് പ്രക്ഷോഭം നയിക്കുന്നത്.

മൂന്നുവര്‍ഷമായി ജെല്ലിക്കെട്ടിന് സുപ്രീം കോടതി നിരോധനം നിലനില്‍ക്കുകയാണ്. എന്നാല്‍ ഇത്രയും വിപുലമായ ഒരു പ്രക്ഷോഭം ആദ്യമായാണ് സംഘടിപ്പിക്കുന്നത്. സമരം മൂലം ചെന്നൈയില്‍ പലയിടങ്ങളിലും കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. മറീന ബീച്ചില്‍ വിദ്യാര്‍ത്ഥികള്‍ രാത്രിയും പ്രക്ഷോഭം തുടര്‍ന്നതോടെ പൊലീസ് വൈദ്യുതിബന്ധം വിച്ഛേദിച്ചെങ്കിലും മൊബൈല്‍ ഫോണ്‍ ടോര്‍ച്ച് തെളിയിച്ചും മെഴുകുതിരി തെളിയിച്ചും സമരം തുടര്‍ന്നു.

കമല്‍ഹാസന്‍, വിജയ്, ചിമ്പു, സൂര്യ, ടി രാജേന്ദര്‍ തുടങ്ങിയ സിനിമാതാരങ്ങള്‍ ജെല്ലിക്കെട്ടിനെതിരായ നിരോധനം പിന്‍‌വലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. മുഖ്യമന്ത്രി ഒ പനീര്‍സെല്‍‌വം നേരിട്ടെത്തി ചര്‍ച്ച നടത്തിയാല്‍ മാത്രമേ സമരത്തില്‍ നിന്ന് പിന്തിരിയുകയുള്ളൂ എന്നാണ് വിദ്യാര്‍ത്ഥികള്‍ അറിയിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ ഈ പ്രക്ഷോഭത്തെ ഗൌരവപൂര്‍വം വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സുപ്രീം‌കോടതി ഉത്തരവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ ഏറെ ശ്രദ്ധയോടെയാണ് സര്‍ക്കാര്‍ ഈ വിഷയം കൈകാര്യം ചെയ്യുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :