ഇസ്ലാമിക് സ്റ്റേറ്റിനെ നിരോധിക്കണമെന്ന് ഐബി

ന്യൂഡല്‍ഹി| VISHNU.NL| Last Modified ബുധന്‍, 19 നവം‌ബര്‍ 2014 (16:08 IST)
ഇറാഖിലും സിറിയയിലും വലിയൊരു ഭൂവിഭാഗം നിയന്ത്രണത്തിലാക്കിയ ഇസ്ലാമിക് സ്റ്റേറ്റ് തീ‍വ്രവാദി സംഘത്തെ ഇന്ത്യയില്‍ നിരോധിക്കണമെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. ഇന്ത്യയില്‍ നിന്നും യുവാക്കളെ റിക്രൂട്ട് ചെയ്ത് സിറിയയില്‍ പോരാട്ടത്തിന് നിയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനേ തുടര്‍ന്നാണ് ഐബി ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയത്.

ന്ത്യയില്‍ നിന്നും യുവാക്കളെ റിക്രൂട്ട് ചെയ്ത് പരിശീലനം നല്‍കുന്നതിനു പുറമെ ഇവരെക്കൊണ്ട് ഇന്ത്യയ്ക്കെതിരായ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കാനും പദ്ധതിയിടുന്നതായി ആഭ്യന്തരമന്ത്രാലയം വിലയിരുത്തുന്നു. മഹാരാഷ്ട്രക്കാരായ നാലു യുവാക്കള്‍ ഐഎസിനായി പോരാടാന്‍ ഇറാഖിലേക്ക് പോയതായി ഐബി കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഇന്ത്യന്‍ യുവാക്കള്‍ക്കായി ഐഎസ് വലവീശി തുടങ്ങിയത് ദേശീയ ഏജന്‍സികളുടെ ശ്രദ്ധയില്‍ പെട്ടത്.

നിരോധിത സംഘടനകളായ ഇന്ത്യന്‍ മുജാഹിദീനും സിമിയും ഇസ്ളാമിക് സ്റ്റേറ്റിന്റെ പേരില്‍ ഇന്ത്യയില്‍ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായി ഇന്റലിജന്‍സ് ബ്യൂറോ കണ്ടെത്തിയിരുന്നു. ഐഎസിനെ നിരോധിച്ചാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടിയെടുക്കാമെന്നും ഐബി പറയുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ തടയാനുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഐഎസിനെ രാജ്യത്ത് നിരോധിക്കാമെന്നാണ് ഐബി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ഐഎസിനെ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജന്‍സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് ദേശീയ അന്വേഷണ ഏജന്‍സി നേരത്തെ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടിയിരുന്നു.

എന്നാല്‍ ഇറാഖിലും സിറിയയിലുമുള്ള ഇന്ത്യക്കാരുടെ ജീവന് ഭീഷണി നേരിടുമെന്ന ഭീതിയെ തുടര്‍ന്നാണ് ഐഎസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയം മടിക്കുന്നത്. നാല്‍പതോളം ഇന്ത്യക്കാര്‍ ഇപ്പോഴും ഇറാഖില്‍ ഐഎസിന്റെ പിടിയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :