ഇന്ത്യയിലേക്ക് നുഴഞ്ഞുകയാറാന്‍ കാത്ത് ആയിരത്തിലധികം തീവ്രവാദികള്‍

ന്യൂഡൽഹി| VISHNU N L| Last Modified ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (13:25 IST)
പാകിസ്ഥാനിലെ 17 ഓളം പരിശീലന ക്യാമ്പുകളിൽ നിന്നുള്ള ആയിരത്തിലധികം തീവ്രവാദികൾ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ കാത്തിരിക്കുന്നെന്ന് കരസേനാ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. നിയന്ത്രണരേഖയ്ക്കടുത്ത് 23 കേന്ദ്രങ്ങളിൽ 325 ഭീകരർ നുഴഞ്ഞു കയറാൻ തയാറായി നിൽക്കുകയാണെന്നും മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ ലഫ്.ജനറൽ. സതീഷ് ദുവ പറയുന്നു. കാശ്മീർ അതിർത്തിയിലെ 15 ഓളം യൂണിറ്റുകളുടെ കമാണ്ടിംഗ് ഓഫീസറാണ് ദുവ.

എന്നാൽ കൃത്യമായ ഏകോപനത്തിലുള്ള പ്രവർത്തനങ്ങൾ മൂലം എല്ലാത്തിനേയും ചെറുത്ത് മുന്നോട്ട് പോവുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. ഓരോ വേനൽക്കാലത്തും അതിർത്തിയിലെ സമ്മർദ്ദം ശക്തമാകാറുണ്ട്. അതിർത്തിക്ക് സമീപം എത്തുന്ന ഭീകരരുടെ എണ്ണം വർധിക്കുകയാണെന്നും ഭീകരർ നിയന്ത്രണരേഖയോട് ചേർന്ന് 25 വ്യത്യസ്ഥ ലോഞ്ച് പാഡുകൾ തയാറക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ ഇന്ത്യയെ ആക്രമിക്കാന്‍ എളുപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലേക്ക് കടക്കാൻ കഴിയായത്തതിൽ ഭീകരരുടെ നേതാക്കൾക്ക് വലിയ അമർഷമുണ്ട്. അതിനാൽ തന്നെ ഭീകരരുടെ മേൽ വലിയ സമ്മർദമാണ് ഉള്ളത്. അതിന്റെ ഫലമാണ് ഇടയ്ക്കിടെ ഭീകരർ നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതും സൈന്യം അവരെ വധിക്കുന്നതും. ഇതിന് സാധിക്കാത്തതിനാൽ ചിലർ സൈന്യത്തിനും സാധാരണ ജനങ്ങൾക്കും നേരെ വെടിയുതിർത്ത് തിരികെ പോവുന്നുവെന്നും ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇക്കൊല്ലം ജൂൺ മുതൽ നടന്ന 11 നുഴഞ്ഞുകയറ്റ ശ്രമങ്ങളിൽ 19 തീവ്രവാദികളെ ഇന്ത്യൻ സേന വധിച്ചിരുന്നു. കാശ്മീരിനെ സമാധാനത്തിന്റെ താഴ്വരയാക്കി നിലനിർത്തുന്നതിനായാണ് പട്ടാള നിയന്ത്രണം പിൻവലിക്കാത്തതെന്നും ദുവ പറയുന്നു. എല്ലാ സുരക്ഷാ സേനകളുടേയും ഒത്തൊരുമിച്ച പ്രവർത്തനം മൂലം 25 കൊല്ലത്തോളമെടുത്താണ് ഇന്നത്തെ അവസ്ഥയിലെത്തിയതെന്നും ക്ഷമിക്കേണ്ടത് അത്യാവശ്യമാണെന്നും ദേശീയ മാദ്ധ്യമത്തോടുള്ള അഭിമുഖത്തിൽ സതീഷ് ദുവ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :