ശ്രീനഗര്‍|
priyanka|
Last Modified ബുധന്‍, 13 ജൂലൈ 2016 (15:36 IST)
ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി സൈനിക നടപടിയില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീരില്‍ അരങ്ങേറുന്ന സംഭവവികാസങ്ങള്‍ മണിക്കൂറുകള്‍ ഇടവിട്ട് വാര്‍ത്തകളില്‍ നിറയുകയാണ്. ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിലൂടെ പുറം ലോകവും കശ്മീരിലെ സംഭവവികാസങ്ങള്‍ അറിയുന്നു. എന്നാല്‍ കശ്മീരിലെ പ്രാദേശിക പത്രങ്ങള്‍ക്ക് പറയാനുള്ളത് മറ്റ് ചില യാഥാര്‍ത്ഥ്യങ്ങള്‍ കൂടിയാണ്.
കശ്മീരിലെ പ്രാദേശിക പത്രങ്ങളുടെ പരസ്യ പേജുകളിലെല്ലാം കുറച്ചു ദിവസമായി ഒരേ രീതിയിലുള്ള പരസ്യങ്ങള്‍ മാത്രമാണുള്ളത്. നിശ്ചയിച്ച് ഉറപ്പിച്ച പല ചടങ്ങുകളും ആഘോഷങ്ങളും ഒഴിവാക്കിയതിന്റെയും ക്ഷണിച്ചവരോട് എത്തേണ്ടെന്ന് അറിയിച്ചുകൊണ്ടുമുള്ള പരസ്യങ്ങള്‍. നിരവധി പേര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്യുന്നതോടെ വിവാഹമടക്കം മുന്‍കൂട്ടി തയ്യാറാക്കിയ പരിപാടികള്‍ മാറ്റിവയ്ക്കുകയാണ് കശ്മീര്‍ സ്വദേശികള്‍.
അപ്രതീക്ഷിതമായി സംഭവിക്കുന്ന മരണങ്ങള്‍ക്കും അപകടങ്ങള്‍ക്കും പുറമെ പ്രദേശത്തെ കലുഷിതമായ അവസ്ഥ പരിഗണിച്ചും ആഘോഷങ്ങള്‍ മാറ്റി വയ്ക്കുകയാണ്. ബുധനാഴ്ച പുറത്തിറങ്ങിയ കശ്മീരി പത്രം ഗ്രേറ്ററില്‍ 30ലധികം പരസ്യമാണ് സമാന രീതിയില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. 2010ല്‍ അക്രമങ്ങള്‍ നടന്നപ്പോഴും 2014ല്‍ വെള്ളപ്പൊക്കമുണ്ടായപ്പോഴും കശ്മീരില്‍ ഇതേ അവസ്ഥ ഉണ്ടായിരുന്നു.