അഭിനന്ദൻ വർധമാൻ എഫ്-16 തകർക്കുന്നത് കണ്ടതായി വ്യോമസേന സ്ക്വാഡ്രൻ ലീഡർ മിന്റി അഗർവാൾ

എഫ് 16 തകർക്കപ്പെടുന്ന ദൃശ്യങ്ങൾ സ്ക്രീനിൽ കണ്ടുവെന്നും മിന്റി പറഞ്ഞു.

Last Modified വെള്ളി, 16 ഓഗസ്റ്റ് 2019 (12:39 IST)
ഇന്ത്യയുടെ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ പാക്കിസ്ഥാന്റെ എഫ്–16 യുദ്ധവിമാനം വെടിവച്ചിടുന്നതു കണ്ടതായി വ്യോമസേന സ്ക്വാഡ്രൻ ലീഡർ മിന്റി അഗർവാൾ. ഇന്ത്യൻ വ്യോമസേനയിൽ നിന്ന് ആദ്യമായി യുദ്ധ സേവാ പുരസ്കാരം കരസ്ഥമാക്കുന്ന വനിതയുമാണ് മിന്റി. യുദ്ധ സമയത്തെ വിശിഷ്ട സേവനത്തിനാണ് ഈ പുരസ്കാരം നൽകുന്നത്.

ഫെബ്രുവരി 26 ലെയും 27ലെയും ഇന്ത്യൻ ദൗത്യങ്ങളിൽ പങ്കാളിയായിരുന്ന മിന്റി യുദ്ധവിമാനത്തിലിരുന്ന അഭിനന്ദനുമായി സംസാരിക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നതായി പറയുന്നു.

അഭിനന്ദൻ യുദ്ധവിമാനവുമായി പുറപ്പെട്ടതു മുതൽ താനായിരുന്നു അദ്ദേഹത്തിന് നിർദേശങ്ങൾ നൽകിയിരുന്നത്. എതിരാളിയുടെ വിമാനഗതിയെക്കുറിച്ച് അദ്ദേഹത്തിനു മുന്നറിയിപ്പുകൾ നൽ‍കിക്കൊണ്ടിരുന്നു. എഫ് 16 തകർക്കപ്പെടുന്ന ദൃശ്യങ്ങൾ സ്ക്രീനിൽ കണ്ടുവെന്നും മിന്റി പറഞ്ഞു. അതേസമയം ബാലാക്കോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിന് പ്രത്യാക്രമണം പ്രതീക്ഷിച്ചിരുന്നതായും മിന്റി വെളിപ്പെടുത്തി.

ബാലക്കോട്ടിലെ ഭീകരക്യാംപുകൾ തകർക്കുന്നതിൽ ഇന്ത്യൻ സേന വിജയിച്ചു. എന്നാൽ അതിന് ഒരു പ്രത്യാക്രമണം വ്യോമസേന പ്രതീക്ഷിച്ചിരുന്നു. 24 മണിക്കൂറിനുള്ളിൽ പാക്ക് പോർവിമാനങ്ങൾ ലക്ഷ്യമാക്കി എത്തി. ആദ്യം വളരെ കുറച്ച് വിമാനങ്ങളാണ് എത്തിയത്. എന്നാൽ പതിയെ എണ്ണം കൂടാൻ തുടങ്ങിയെന്നും ഒരോ സംഭവങ്ങളും ഓർത്തെടുത്ത് മിന്റി പറഞ്ഞു.നശിപ്പിക്കാനുള്ള സർവ സന്നാഹങ്ങളുമായാണ് പാക്ക് വിമാനങ്ങൾ എത്തിയത്. എന്നാൽ ഇന്ത്യൻ സേനയുടെയും പൈലറ്റുമാരുടെയും പ്രതിരോധശേഷിക്കു മുൻപിൽ അവർ പരാജയം സമ്മതിക്കേണ്ടി വന്നുവെന്നും മിന്റി കൂട്ടിച്ചേർത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :