അഭിറാം മനോഹർ|
Last Modified വ്യാഴം, 5 ഒക്‌ടോബര്‍ 2023 (22:26 IST)
ഹിന്ദു വിവാഹങ്ങളിലെ അനുഷ്ടാനമായ സാത്ത് ഫേര അനുഷ്ടിച്ചില്ലെങ്കില്‍ ഹിന്ദു വിവാഹനിയമപ്രകാരം വിവാഹം സാധുവല്ലെന്ന് അലഹബാദ് ഹൈക്കോടതി. അഗ്‌നിയ്ക്ക് ചുറ്റും 7 തവണ വലം വെയ്ക്കുനതാണ് സാത്ത് ഫേര. ജസ്റ്റിസ് സഞ്ജയ് കുമാര്‍ സിംഗിന്റെതാണ് ഉത്തരവ്.
തന്നില്‍ നിന്നും വിവാഹമോചനം നേടാതെ രണ്ടാം തവണ മറ്റൊരാളുമായി വിവാഹിതയായ ഭാര്യയ്‌ക്കെതിരെ ആദ്യ ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് നടപടി. താന്‍ വിവാഹസമയത്ത് 7 തവണ അഗ്‌നിയ്ക്ക് ചുറ്റും വലം വെച്ചിരുന്നില്ലെന്നും അതിനാല്‍ തന്നെ ആദ്യ വിവാഹം സാധു ആകില്ലെന്നുമുള്ള യുവതിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഹിന്ദു വിവാഹനിയമത്തിലെ സെക്ഷന്‍ 7 അനുസരിച്ച് വിവാഹം ആചാരനുഷ്ഠാനങ്ങള്‍ അനുസരിച്ചാകുന്നത് സാത്ത് ഫരേ അടക്കം ആചാരങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമാണെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് യുവതിയ്ക്ക് എതിരായി ആദ്യ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പോലീസ് നടപടികള്‍ കോടതി റദ്ദാക്കി.
2017ലായിരുന്നു സ്മൃതി സിംഗും സത്യം സിംഗും തമ്മിലുണ്ടായ വിവാഹം. എന്നാല്‍ ഇരുവരും തമ്മിലുള്ള ബന്ധത്തിലെ അസ്വാരസ്യങ്ങളെ തുടര്‍ന്ന് യുവതി ബന്ധം ഉപേക്ഷിക്കുകയും സ്ത്രീധന പീഡനം ആരോപൊച്ച് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് 2021 ജനുവരി 11ന് കേസ് കോടതിയിലെത്തുകയും പുനര്‍വിവാഹം വരെ യുവതിക്ക് 4,000 രൂപ ജീവനാംശം നല്‍കണമെന്ന് മിര്‍സാപൂര്‍ കുടുംബകോടതി ഉത്തരവിടുകയും ചെയ്തു. പിന്നാലെ 2021 സെപ്റ്റംബര്‍ 20ന് യുവതി അനധികൃതമായി രണ്ടാമത് വിവാഹിതയാണെന്ന് കാണിച്ച് സത്യം സിംഗ് യുവതിക്കെതിരെ പരാതിയുമായി കോടതിയിലെത്തുകയും ചെയ്യുകയായിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.