നെല്‍വിന്‍ വില്‍സണ്‍|
Last Modified ബുധന്‍, 12 മെയ് 2021 (09:58 IST)
ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ ഇസ്രായേലില്‍ മലയാളി യുവതി കൊല്ലപ്പെട്ടത് ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിച്ചുകൊണ്ടിരിക്കെ. ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് ദാരുണമായ സംഭവം. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് (32) ആണ് ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സൗമ്യ കെയര്‍ ടേക്കറായി ജോലി ചെയ്യുന്ന വീടിന് മുകളിലേക്ക് ഹമാസ് റോക്കറ്റ് പതിക്കുകയായിരുന്നു.
ഭാര്യയുടെ മരണവാര്‍ത്ത അറിഞ്ഞ ഞെട്ടലിലാണ് സന്തോഷ്. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം. ഗാസ മുനമ്പ് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ഇസ്രായേലിലെ അഷ്‌കലോണിലെ ഒരു വീട്ടിലാണ് സൗമ്യ കെയര്‍ടേക്കറായി സേവനം ചെയ്യുന്നത്. ഈ വീടിനു മുകളിലേക്കാണ് ഹമാസ് റോക്കറ്റ് പതിച്ചത്. ആ വീട്ടില്‍ സൗമ്യ പരിചരിക്കുന്ന വൃദ്ധയും റോക്കറ്റ് പതിച്ചുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടു. വീട് പൂര്‍ണമായി തകര്‍ന്നു. ഏതാനും പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
വീഡിയോ കോളില്‍ ഭര്‍ത്താവ് സന്തോഷുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു സൗമ്യ. നിരന്തരം വെടിയൊച്ചകള്‍ കേള്‍ക്കുന്നുണ്ടെന്നും ജീവന്‍ അപകടത്തിലാണെന്നും സൗമ്യ വീഡിയോ കോളില്‍ സന്തോഷിനോട് പറഞ്ഞു. അതിനിടയിലാണ് റോക്കറ്റ് വീടിനു മുകളിലേക്ക് പതിക്കുന്നത്. അപകടം ഉണ്ടായ ഉടനെ ഫോണ്‍ ഡിസ്‌കണക്ട് ആയി. സന്തോഷ് വീണ്ടും വിളിച്ചുനോക്കി. പക്ഷേ, കിട്ടിയില്ല. പിന്നീടാണ് റോക്കറ്റ് വീടിനു മുകളില്‍ പതിച്ചെന്നും സൗമ്യ കൊല്ലപ്പെട്ടെന്നും സന്തോഷ് അറിയുന്നത്. ഏഴ് വര്‍ഷമായി സൗമ്യ ഇസ്രായേലിലാണ് ജോലി ചെയ്യുന്നത്.