ഹാദിയ കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും; രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇതാദ്യം, എന്‍ഐഎ റിപ്പോര്‍ട്ട് സമർപ്പിക്കും

ഹാദിയകേസിൽ ഇന്ന് നിർണായക ദിനം

aparna| Last Modified ചൊവ്വ, 23 ജനുവരി 2018 (08:48 IST)
രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഹാദിയാ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹാദിയയുമായുള്ള തന്റെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യംചെയ്തു കൊല്ലം സ്വദേശി ഷെഫിൻ ജഹാൻ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയാണ് ഇന്ന് വീണ്ടും പരിഗണിക്കുക.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണു കേസ് പരിഗണിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഷെഫിന്‍ജഹാന് വേണ്ടി ഹാജരാകും. രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷമാണ് കേസ് വീണ്ടും കോടതിയിലെത്തുന്നത്‍.

ഹാദിയയെ വീട്ടുതടങ്കലില്‍ നിന്ന് സ്വതന്ത്രയാക്കിയതിന് ശേഷം ആദ്യമായാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ നവംബര്‍ ഇരുപത്തിയേഴിനാണ് സുപ്രീംകോടതി ഹാദിയയെ തുടര്‍പഠനത്തിനു കോയമ്പത്തൂരിലേക്ക് അയച്ചത്.
മാതാപിതാക്കളുടെ സംരക്ഷണത്തില്‍ നിന്ന് മോചിപ്പിച്ച് ഹാദിയയെ സേലത്ത് പഠിക്കാന്‍‌ അനുവദിച്ച ഇടക്കാല ഉത്തരവിന് ശേഷമുള്ള വാദങ്ങളാണ് സുപ്രിംകോടതിയില്‍ ഇന്ന് ആരംഭിക്കുന്നത്.

കേസില്‍ എന്‍ഐഎ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സൂചനയുണ്ട്. ഹാദിയയുടെ ഇപ്പോഴത്തെ സ്ഥിതി കോടതി ആരാഞ്ഞേക്കും. വാദം കേൾക്കാൻ ഹാദിയയുടെ മാതാപിതാക്കൾ എത്തുമോയെന്ന കാര്യത്തിൽ ഉറപ്പില്ല.

ഷെഫിന്‍ ജഹാനു ഭീകരബന്ധമുണ്ടെന്നാണു ഹാദിയയുടെ അച്ഛന്‍ അശോകന്‍റെ ആരോപണം. എന്നാല്‍, ഷെഫിന്‍ ജഹാനൊപ്പം പോകണമെന്നാണ് ഹാദിയയുടെ ആവശ്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :