ചണ്ഡിഗഡ്|
jibin|
Last Modified ശനി, 26 ഓഗസ്റ്റ് 2017 (20:23 IST)
ദേര സച്ചാ സൗദ മേധാവി ഗുർമീത് റാം റഹിം സിംഗ് മാനഭംഗക്കേസിൽ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിനെ തുടര്‍ന്നുണ്ടായ കലാപത്തിനെ നിസാരവത്കരിച്ച് ബിജെപി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് വിളിച്ചുചേർത്ത അവലോകന യോഗത്തില്‍ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന് ശക്തമായ പിന്തുണയാണ് കേന്ദ്രന് നല്‍കിയത്.
കലാപവുമായി ബന്ധപ്പെട്ട് ആരെയും കുറ്റപ്പെടുത്താനില്ലെന്ന നിലപാടിലാണ് കേന്ദ്രം. ഖട്ടറിന് ശക്തമായ പിന്തുണ നല്‍കുന്നുവെന്ന് വ്യക്തമാക്കിയ ആഭ്യന്തര സെക്രട്ടറി രാജീവ് മെഹൃഷി ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളിൽ ആരെയും കുറ്റപ്പെടുത്താനില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
ഹരിയാനയിലെ പാർട്ടി അധ്യക്ഷൻ അനിൽ ജെയ്ൻ, മുതിർന്ന നേതാവ് കൈലാഷ് വിജയ്വാർഗിയ എന്നിവരുമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ചര്‍ച്ച നടത്തി. നിലവിലെ സ്ഥിതിഗതികൾ ഖട്ടർ കൈകാര്യം ചെയ്യുമെന്ന് പാർട്ടി അധ്യക്ഷൻ പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രി രാജി വെക്കേണ്ടതില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.
അതേസമയം, കലാപം അടിച്ചമർത്തുന്നതിൽ പരാജയപ്പെട്ട കേന്ദ്ര– സംസ്ഥാന സർക്കാരുകളെ സർക്കാരുകളെ കോടതി വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും പഞ്ചാബ്– ഹരിയാന ഹൈക്കോടതി വിമർശനം ഉന്നയിച്ചു– ‘അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, ബിജെപിയുടേതല്ല’ കോടതി പറഞ്ഞു. ‘ഹരിയാന ഇന്ത്യയുടെ ഭാഗമല്ലേ? എന്തു കൊണ്ടാണ് പഞ്ചാബിനും ഹരിയാനയ്ക്കും നേരെ മാത്രം ചിറ്റമ്മനയം നടപ്പാക്കുന്നത്?’ കോടതി ചോദിച്ചു.