ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യക്കെതിരെ തിരിയാന്‍ കാരണമെന്ത്?

രേണുക വേണു| Last Modified തിങ്കള്‍, 6 ജൂണ്‍ 2022 (09:30 IST)

ഇന്ത്യ ഒറ്റപ്പെടുത്താനുള്ള ആഹ്വാനവുമായി ഗള്‍ഫ് രാജ്യങ്ങള്‍. പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ബിജെപി നേതാക്കള്‍ നടത്തിയ പരാമര്‍ശം വിവാദമായതോടെയാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

മുഹമ്മദ് നബിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ദേശീയ വക്താവ് നൂപുര്‍ ശര്‍മയെയും പാര്‍ട്ടി ഡല്‍ഹി ഘടകത്തിന്റെ മാധ്യമവിഭാഗം മേധാവി നവീന്‍ ജിന്‍ഡലിനെയും ബിജെപി പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളുടെ പ്രതിഷേധം ശക്തമായതിനു പിന്നാലെ ഗത്യന്തരമില്ലാതെയാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കേണ്ടി വന്നത്.

അറബ് രാഷ്ട്രങ്ങള്‍ ഇന്ത്യക്കെതിരെ ശക്തമായി രംഗത്തെത്തുകയാണ്. അറബ് രാജ്യങ്ങള്‍ക്ക് അമേരിക്കയുടെ പിന്തുണയും ഉണ്ട്. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ ഇന്ത്യയെ വലിയ രീതിയില്‍ പ്രതികൂലമായി ബാധിക്കും. മുഹമ്മദ് നബിക്കെതിരായ ബിജെപി നേതാക്കളുടെ പരാമര്‍ശം നയതന്ത്രതലത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിന് തലവേദനയാകുന്നുണ്ട്. ഇന്ത്യന്‍ സ്ഥാനപതിമാരെ വിളിച്ചുവരുത്തി ഖത്തര്‍, കുവൈത്ത് വിദേശകാര്യ മന്ത്രാലയങ്ങള്‍ പ്രതിഷേധം അറിയിച്ചു. പ്രവാചകനെ അവഹേളിക്കുന്ന തരത്തില്‍ ബിജെപി നേതാവ് നടത്തിയ പ്രസ്താവനകളെ അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നതായി സൗദി വിദേശ്യകാര്യ മന്ത്രാലയം വ്യക്തമാക്കി. ബിജെപി വക്താവിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തതിനെ സ്വാഗതം ചെയ്യുന്നതായി മന്ത്രാലയം അറിയിച്ചു.

വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ മതസ്പര്‍ദ്ദ പരത്തുന്ന രീതിയില്‍ പരാമര്‍ശങ്ങള്‍ നടത്തുന്ന ഇന്ത്യക്കാര്‍ക്കെതിരെ അറബ് രാജ്യങ്ങള്‍ നടപടിയെടുക്കുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ നിരവധി പേരുടെ ജോലി നഷ്ടപ്പെടാന്‍ പോലും കാരണമാകും.

പ്രശ്‌നങ്ങളുടെ സങ്കീര്‍ണത മനസ്സിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ ബിജെപി നേതാക്കളുടെ വിവാദ പ്രസ്താവനകളെ തള്ളി തടിയൂരാനുള്ള ശ്രമത്തിലാണ്. എല്ലാ മതങ്ങളേയും ബിജെപി ഒരുപോലെ ബഹുമാനിക്കുന്നെന്ന് ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് പരസ്യ പ്രസ്താവനയിറക്കി. കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിന് പിന്നാലെയാണ് ബിജെപിയുടെ പ്രസ്താവനയെന്നാണ് റിപ്പോര്‍ട്ട്. ഏതെങ്കിലും വിഭാഗത്തെയോ മതത്തെയോ അവഹേളിക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ക്കെതിരെയാണ് ബിജെപിയെന്നും അരുണ്‍ സിങ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :