സ്വര്‍ണ വരുമാന പദ്ധതി പ്രാവര്‍ത്തികമാകുന്നു, സ്വത്ത് നികുതി വില്ലനാകും

ന്യൂഡല്‍ഹി| Last Modified ശനി, 25 ഏപ്രില്‍ 2015 (15:38 IST)
മോഡി സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച സ്വര്‍ണ്ണ വരുമാന പദ്ധതി പ്രാവര്‍ത്തികാമാകാന്‍ പോകുന്നു, പദ്ധതിയുടെ വ്യവസ്ഥകള്‍ കേന്ദ്ര ധനമന്ത്രാലയം ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. സ്വര്‍ണത്തിന്റെ വില ഉയരുമ്പോഴുള്ള മൂല്യവര്‍ധനയ്ക്ക് പുറമേ നിശ്ചിത നിരക്കിലുള്ള പലിശയും വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി. 'ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം' എന്ന പുതിയ പദ്ധതി ബാങ്കുകള്‍ക്കും സ്വര്‍ണ ഇടപാടുകാര്‍ക്കും പ്രയോജനപ്പെടുത്താം. നിലവിലുള്ള സ്വര്‍ണനിക്ഷേപ പദ്ധതി, സ്വര്‍ണവായ്പാ പദ്ധതി എന്നിവയ്ക്ക് പകരമാണിത്. ബാങ്കുകള്‍, ആരാധനാലയങ്ങള്‍ എന്നിവയ്ക്കും സ്വര്‍ണം നിക്ഷേപിച്ച് പലിശ നേടാം.

അതേസമയം പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം പദ്ധതി വഴി സ്വര്‍ണ്ണം നിക്ഷേപിക്കുമ്പോള്‍ സ്വത്ത് നികുതി നല്‍കേണ്ടിവരുമെന്നാണ് സൂചന. അങ്ങനെയായാല്‍ പരമ്പരാഗതമായി കുടുംബാംഗങ്ങള്‍ക്ക് ലഭിച്ചതും വര്‍ഷങ്ങളായി ലോക്കറുകളില്‍ സൂക്ഷിച്ചതിട്ടുള്ളതുമായ സ്വര്‍ണം നിക്ഷേപിക്കുന്നവര്‍ക്ക് സ്വത്ത് നികുതി നല്‍കേണ്ടതായി വരും. നികുതി നല്‍കേണ്ടി വരും എന്ന് ഭയന്ന് ജനങ്ങള്‍ സ്വര്‍ണം നിക്ഷേപിക്കാന്‍ മടിച്ചാല്‍ പദ്ധതി പരാജയപ്പെടുമെന്ന് അധികൃതര്‍ക്ക് ആശങ്കയുണ്ട്.

പ്രതിവര്‍ഷം ശരാശരി 800-1,000 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യന്‍ വീടുകളിലുള്ള സ്വര്‍ണം വിപണിയിലേക്ക് ഒഴുകാന്‍ തുടങ്ങുന്നതോടെ ഇറക്കുമതിയുടെ തോത് വന്‍തോതില്‍ കുറയുമെന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ. വ്യാപാര കമ്മി കുറയ്ക്കാനും അത് ഇടയാക്കും. കൂടാതെ ജനങ്ങളുടെ സ്വര്‍ണഭ്രമം കുറയ്ക്കാന്‍ പൊന്നിന് പകരം ഗോള്‍ഡ് ബോണ്ട് പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സ്വര്‍ണം വാങ്ങണമെന്ന് തോന്നുമ്പോള്‍ ഈ ബോണ്ടില്‍ പണം മുടക്കാം. അതിന് അന്നുമുതല്‍ പലിശലഭിക്കും. ബോണ്ട് പണമാക്കിമാറ്റുമ്പോള്‍ അന്നത്തെ വിപണിവിലയും കിട്ടും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :