കോഴിക്കോട്|
jibin|
Last Modified ശനി, 9 സെപ്‌റ്റംബര്‍ 2017 (14:22 IST)
വർഗീയ വാദികളുടെ തോക്കിനിരയായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധ സ്വരമുയര്‍ത്തിയ ഓസ്കാർ ജേതാവും സംഗീത സംവിധായകനുമായ എആർ റഹ്‌മാനെതിരെ ബിജെപി അനുകൂല സംഘടനകള്‍.
സമൂഹമാധ്യമങ്ങളിലൂടെയാണ് റഹ്‌മാനെതിരെ സംഘപരിവാറും ബിജെപിയും ആക്ഷേപം നടത്തുന്നത്. ഗൗരി ലങ്കേഷിന്റെ കൊലപാതകം പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ‘ഇത് എന്റെ ഇന്ത്യയല്ല’ എന്ന അദ്ദേഹത്തിന്റെ പ്രതികരണമാണ് പ്രതിഷേധക്കാരെ ചൊടിപ്പിച്ചത്.
റഹ്‌മാന്‍ പാകിസ്ഥാനിലേക്കോ സിറിയയിലേക്കോ ഇറാഖിലേക്കോ പെയ്‌ക്കൊള്ളാനാണ് സംഘപരിവാറിന്റെയും ബിജെപിയുടെയും ആഹ്വാനം. മോശമായ വാക്കുകള്‍ ഉപയോഗിച്ചാണ് മിക്കവരും അദ്ദേഹത്തെ അസഭ്യം പറഞ്ഞിരിക്കുന്നത്. ചിലര്‍ റഹ്‌മാന്റെ മാതാപിതാക്കളെയും അസഭ്യം പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ മതം മാറ്റാന്‍ ആളെ കിട്ടാത്തതിന്റെ പ്രയാസമാണെന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്.
‘വൺ ഹാർട്ട്: ദ എആർ റഹ്മാൻ കൺസേർട്ട് ഫിലിം’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രീമിയർ ഷോയ്ക്കിടെ ഗൗരി ലങ്കേഷിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് റാഹ്‌മാന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
“രാജ്യത്ത് ഇതുപോലെയുള്ള കാര്യങ്ങള്‍ ഇനിയും ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നു. ഗൗരി ലങ്കേഷിന്റെ കൊലപാതകം പോലെയുള്ള സംഭവങ്ങളില്‍ ഞാന്‍ അതീവ ദുഃഖിതനാണ്. തുടര്‍ന്നും ഇത്തരം സംഭവങ്ങൾ ഇവിടെ ആവർത്തിച്ചാൽ പിന്നെ
എന്റെ ഇന്ത്യയല്ല ഇത്. പുരോഗമനപരവും ദയയുള്ളതുമാണ് എന്റെ രാജ്യം”- എന്നാണ് റഹ്‌മാൻ വ്യക്തമാക്കിയത്.
ഗൗരി ലങ്കേഷിന്റെ മരണത്തില്‍ സംഘപരിവാറും ബിജെപിയും നേരത്തെ തന്നെ ആഹ്ലാദം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയാണ് തീവ്ര ഹിന്ദുത്വ വാദത്തിന്റെ വിമര്‍ശകയായ ലങ്കേഷിന്റെ കൊലപാതകത്തില്‍ സന്തോഷം പ്രകടിപ്പിച്ചത്.