കോവിഡ് ബാധിച്ചു മരിച്ചു എന്ന വ്യാജേന അഗതി മന്ദിരത്തിലെ കുട്ടികളെ വില്‍പ്പന നടത്തി

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 5 ജൂലൈ 2021 (08:51 IST)
ചെന്നൈ: കോവിഡ് ബാധിച്ചു മരിച്ചു എന്ന വ്യാജേന അഗതിമന്ദിരത്തിലെ കുട്ടികളെ വിറ്റു കാശാക്കിയ ട്രസ്റ്റ് ഡയറക്ടറും സഹായിയും പിടിയില്‍. മധുരയിലെ അഗതി മന്ദിരത്തില്‍ താമസിച്ചിരുന്ന രണ്ട് കുട്ടികളെ വില്‍പ്പന നടത്തിയതിനാണ് ഇദയം ട്രസ്റ്റ് ഡയറക്ടര്‍ ജി.ആര്‍.ശിവകുമാര്‍, സഹായി മദര്‍ഷാ എന്നിവര്‍ അറസ്റ്റിലായത്.

കുട്ടികളെ വാങ്ങിയ ദമ്പതിമാര്‍ അടക്കം ഏഴു പേരെ മുമ്പ് തന്നെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മുഖ്യ പ്രതികളായ ശിവകുമാറിനെയും മദര്‍ഷായെയും കേരളം അതിര്‍ത്തിയോട് ചേര്‍ന്ന് തേനി ജില്ലയില്‍ നിന്നാണ് അറസ്‌റ് ചെയ്തത്. ഒരു വയസുള്ള ഒരു ആണ്‍കുട്ടിയെയും പെണ്കുട്ടിയെയുമാണ് ഇദയം ട്രസ്റ്റിന്റെ അഗതി മന്ദിരത്തില്‍ നിന്ന് വില്‍പ്പന നടത്തിയത്.

ആണ്‍കുട്ടിയെ കാണാനില്ലെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെയും വില്‍പ്പന നടത്തിയ വിവരം വെളിപ്പെട്ടത്. ഇരുകുട്ടികള്‍ക്കും പനി ബാധിച്ചു എന്നും ആശുപത്രിയിലേക്ക് എന്ന വ്യാജേന പുറത്തു കൊണ്ടുപോയി വില്‍ക്കുകയായിരുന്നു. ഇതിനൊപ്പം ഇരുവര്‍ക്കും കോവിഡ് ബാധിച്ചു മരിച്ചു എന്നും കോര്‍പ്പറേഷന്‍ ശ്മശാനത്തില്‍ സംസ്‌കാരം നടത്തിയെന്നും വ്യാജരേഖയുണ്ടാക്കി.

ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും പ്രത്യേകമായി വാങ്ങിയ രണ്ട് ദമ്പതികളെയും ഇടനിലക്കാരി, അഗതി മന്ദിര ജീവനക്കാരി എന്നിവരാണ് അറസ്റ്റിലായത്. കുട്ടികളെ അഞ്ചു ലക്ഷം രൂപയ്ക്കാണ് വില്‍പ്പന നടത്തി എന്നാണു വിവരം. ഇതിനു മുമ്പും കുട്ടികളെ ഇവിടുന്നു വില്‍പ്പന നടത്തിയിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :