ചെന്നൈ|
Last Modified ചൊവ്വ, 28 മെയ് 2019 (16:36 IST)
ബിരിയാണിയില്‍ രക്തം പുരണ്ട ബാന്‍ഡേജ് കണ്ടെത്തിയതിനെ തുടര്‍ന്ന് ചോദ്യം ചെയ്ത യുവാവിന് രാഷ്ട്രീയനേതാക്കളുടെ വക ഭീഷണി. തമിഴ്നാട്ടില്‍ ഈറോഡിന് അടുത്തുള്ള കരൂരില്‍ പ്രശസ്തമായ തലപ്പാക്കട്ട് ബിരിയാണി കടയിലാണ് സംഭവം.
ഈറോഡ് സ്വദേശിയായ കവിന്‍കുമാറും കൂട്ടുകാരും ഇന്നലെ ഉച്ചയ്ക്കാണ് ബിരിയാണി കഴിക്കാനായി തലപ്പാക്കട്ട് ബിരിയാണി കടയിലെത്തുന്നത്. ഓര്‍ഡര്‍ ചെയ്ത ബിരിയാണി കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ചുവന്നുകറുത്ത നിറത്തില്‍ ഒരു വസ്തു ശ്രദ്ധയില്‍ പെട്ടത്.
ആരോ കൈവിരലില്‍ ചുറ്റിയിരുന്ന, രക്തത്താല്‍ നനഞ്ഞ് രണ്ടുദിവസത്തോളം പഴക്കമുള്ള ഒരു ബാന്‍ഡേജ് ആയിരുന്നു അത്. ഇത് കടയിലെ ജോലിക്കാരുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ വേണ്ടത്ര പ്രതികരണം ലഭിച്ചില്ല. മാനേജര്‍ പോലും വ്യക്തമായ മറുപടി നല്‍കാത്ത സാഹചര്യത്തില്‍ കടയുടമയെ കാണണമെന്ന് കവിന്‍ കുമാറും സുഹൃത്തുക്കളും വാശിപിടിച്ചു.
അപ്പോഴേക്കും പൊലീസിലും ഇവര്‍ വിവരം അറിയിച്ചിരുന്നു. രണ്ടുമണിക്കൂറിന് ശേഷം ഡിണ്ടുഗലില്‍ നിന്ന് കടയുടമയും സ്ഥലത്തെത്തി. അതിനിടെ, കണ്ണന്‍ എന്നൊരു രാഷ്ട്രീയനേതാവ് തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് കവിന്‍ കുമാര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
എന്തായാലും ഫുഡ് ആന്‍ഡ് സേഫ്റ്റി ഡിപ്പാര്‍ട്ടുമെന്‍റ് എന്ത് നടപടിയെടുക്കുമെന്ന് കാത്തിരിക്കുകയാണ് ഇപ്പോള്‍ കവിന്‍ കുമാറും സുഹൃത്തുക്കളും.