ഉത്സവങ്ങള്‍ക്ക് ആനയിറങ്ങണോ? കേന്ദ്രത്തിനും കേരളത്തിനും സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി| VISHNU N L| Last Modified വെള്ളി, 24 ഏപ്രില്‍ 2015 (16:35 IST)
രാജ്യത്ത് ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമായി ആനയെ ഉപയോഗിക്കതില്‍ നിലപാടറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിനും കേരള സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. ബംഗളൂരു ആസ്ഥാനമായുള്ള വൈല്‍ഡ്úലൈഫ് റെസ്ക്യൂ ആന്‍ഡ് റീഹാബിറ്റേഷന്‍ സെന്റര്‍ എന്ന സ്ഥാപനം സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണു കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. കേരളത്തിനു പുറമേ തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കും നോട്ടീസ്
അയച്ചിട്ടുണ്ട്. നോട്ടീസിന് എട്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണം.

ആനകള്‍ക്കെതിരായ ക്രൂരത ഗൌരവമായി പരിഗണിക്കേണ്ട വിഷയമാണെന്നും ഉല്‍സവങ്ങള്‍ക്കും മറ്റ് ആഘോഷാവസരങ്ങളിലും ആനകളെ എഴുന്നള്ളിക്കുന്നത് ക്രൂരതയാണെന്നുമായിരുന്നു ഹര്‍ജിക്കാര്‍ പറഞ്ഞത്.
ഇത് വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനമാണ്. അതുപോലെ ആനകള്‍ക്കെതിരായ ക്രൂരതകള്‍ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ള നിയമങ്ങള്‍ ആനയുടമകളോ ഉല്‍സവ നടത്തിപ്പുകാരോ പാലിക്കുന്നില്ലെന്നും ഹര്‍ജിയിലുണ്ട്.

ഹര്‍ജി ഗൌരവമുള്ളതാണെന്ന് കണ്ടാണ് ഇത് ഫയലില്‍ സ്വീകരിച്ച് സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. എന്നാല്‍ ഹര്‍ജി പരിഗണിച്ച കോടതി ഇടക്കാല ഉത്തരവുകള്‍ക്ക് മുതിര്‍ന്നില്ല. ബന്ധപ്പെട്ട കക്ഷികളുടെ വാദം കേട്ടതിനു ശേഷം ഉത്തരവിറക്കിയാല്‍ മതി എന്നാണ് സുപ്രീം കോടതിയുടെ നിലപാട്.
അടുത്തയാഴ്ച നടക്കാനിരിക്കുന്ന തൃശൂര്‍ പൂരത്തെ ബാധിക്കില്ലെങ്കിലും തുടര്‍ന്നുള്ള പൂരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ആനയുടെ ഉപയോഗം കോടതി വിധി അനുസരിച്ചിരിക്കും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :