ചെന്നൈ|
Last Modified ബുധന്‍, 19 നവംബര്‍ 2014 (08:58 IST)
തമിഴ്‌നാടിന് മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി അധ്യക്ഷന്റെ താക്കീത്. ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയര്‍ത്തരുതെന്ന് മേല്‍നോട്ട സമിതി അധ്യക്ഷന്‍ എല്‍എവി നാഥന്‍ തമിഴ്‌നാടിന് നിര്‍ദ്ദേശം നല്‍കി. ഇത് സംബന്ധിച്ച് അദ്ദേഹം മേല്‍നോട്ട സമിതിയിലെ തമിഴ്‌നാട് അംഗത്തിന് കത്ത് നല്‍കി. അണക്കെട്ടിലേക്ക് കൂടുതല്‍ വെള്ളം ഒഴുകി എത്തിയാല്‍ ജലനിരപ്പ് 142 അടിക്ക് മുകളില്‍ എത്തുമെന്നും ഇത് അപകടത്തിന് കാരണമാകുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അപകട ഭീഷണി പരിഗണിക്കാതെ മുന്നോട്ട് പോകരുതെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ജലനിരപ്പ് ഉയര്‍ന്നാല്‍ 142 അടിയായി കുറയ്‌ക്കാനാകില്ലെന്നും പെട്ടന്ന് വെള്ളം ഒഴുക്കി വിടാനാകില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിന്റെ ആശങ്കകള്‍ വിശദീകരിച്ച് കേരളത്തിന്റെ പ്രതിനിധി വി ജെ കുര്യന്‍ മേല്‍നോട്ട സമിതി അധ്യക്ഷന് കത്ത് നല്‍കിയിരുന്നു. സംസ്‌ഥാനം ഉന്നയിക്കുന്ന ആശങ്കയില്‍ സമിതി കണ്ണടച്ച് ഇരുട്ടാക്കരുതെന്ന് കേരളത്തിന്റെ പ്രതിനിധി കുറ്റപ്പെടുത്തിയിരുന്നു. കാര്യങ്ങള്‍ കൈവിട്ട് പേയാല്‍ ഉത്തരവാദിത്വം മേല്‍നോട്ട സമിതി അധ്യക്ഷനായിരിക്കുമെന്നും കേരള പ്രതിനിധി ചൂണ്ടിക്കാട്ടിയിരുന്നു.
കേരളം നിലപാട് കര്‍ക്കശമാക്കിയതോടെയാണ് തമിഴ്‌നാടിന് താക്കീത് നല്‍കാന്‍ മേല്‍നോട്ട സമിതി അധ്യക്ഷന്‍ തയാറായത്.