ചിദംബരത്തിന് പിന്നാലെ ഡികെ ശിവകുമാറും ?; കോടതിയും കൈവിട്ടു - ഞെട്ടല്‍ മാറാതെ കര്‍ണാടക കോണ്‍ഗ്രസ്

  dk shivakumar , ed summons , Cogress , bjp , ഡി കെ ശിവകുമാര്‍ , കോണ്‍ഗ്രസ് , കര്‍ണാടക
ന്യൂഡല്‍ഹി| Last Modified വെള്ളി, 30 ഓഗസ്റ്റ് 2019 (18:54 IST)
ഐഎൻഎക്‌സ്​മീഡിയ അഴിമതിക്കേസിൽ മുൻ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം അറസ്‌റ്റിലായതിന് പിന്നാലെ കർണാടകയിലെ കോൺഗ്രസിലെ ശക്തനായ ഡി കെ ശിവകുമാറിനെതിരെ എന്‍‌ഫോഴ്‌സ്‌മെന്റിന്റെ നീക്കം.

ഹവാല കേസില്‍ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകാൻ ശിവകുമാറിന് നിർദ്ദേശം നൽകിയതിന് പിന്നാലെ പരിരക്ഷ തേടി അറസ്‌റ്റ് ഉൾപ്പടെയുള്ള നടപടികളിൽ നിന്ന് പരിരക്ഷ തേടി ശിവകുമാർ സമർപ്പിച്ച ഹർജി കർണാടക ഹൈക്കേടതി തള്ളി.

അറസ്‌റ്റില്‍ നിന്ന് സംരക്ഷണം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്‌തു. ഇതോടെ ചോദ്യം ചെയ്യലിനു ശേഷം ശിവകുമാറിനെ അറസ്‌റ്റ് ചെയ്യാനുള്ള സാധ്യത വര്‍ദ്ധിച്ചു. ശിവകുമാറിന്‍റെ വ്യാപാര പങ്കാളിയെന്നു കരുതുന്ന സച്ചിന്‍ നാരായണന്‍, ശര്‍മ്മ ട്രാവല്‍സ് ഉടമ സുനില്‍കുമാര്‍ ശര്‍മ്മ, ഡല്‍ഹി കര്‍ണാടക ഭവനിലെ രണ്ട് ഉദ്യോഗസ്ഥര്‍ എന്നിവരും അന്വേഷണ പരിധിയിലുണ്ട്.

2017 ശിവകുമാറിന്‍റെയും ബന്ധുക്കളുടെയും കര്‍ണാടകത്തിലെ വീടുകളില്‍ പരിശോധന നടത്തിയ ആദായനികുതി വകുപ്പ് എട്ടുകോടിയിലധികം രൂപ പിടിച്ചെടുത്തിരുന്നു. ഇതു സംബന്ധിച്ച് ആദായനികുതി വകുപ്പ് ബംഗളൂരു പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്‍റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്‍റ് കേസ് രജിസ്റ്റര്‍ ചെയ്തത്.

നികുതി വെട്ടിപ്പ് നടത്തി, ബിനാമി പേരിൽ സ്വത്ത് സമ്പാദിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ശിവകുമാറിനെതിരെ ഇഡി കേസെടുത്തത്. എന്‍‌ഫോഴ്‌സ്‌മെന്റിന്റെ നീക്കത്തിനെതിരെ അദ്ദേഹം സുപ്രീംകോടതിയെ സമീപിക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

കര്‍ണാടക പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശിവകുമാറിനെ പരിഗണിച്ചേക്കുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് ചോദ്യം ചെയ്യലിനായി ഇഡി അദ്ദേഹത്തെ വിളിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :