തോമറിനെ അറസ്ററ്റില്‍ പങ്കില്ലെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി| VISHNU N L| Last Modified ചൊവ്വ, 9 ജൂണ്‍ 2015 (17:23 IST)
വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസില്‍ ഡല്‍ഹി നിയമ മന്ത്രി ജിതേന്ദര്‍ സിംഗ് തോമറിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പങ്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. കേന്ദ്ര സര്‍ക്കാരിന്റ ഇടപെടലാണ് അറസ്റ്റിന് പിന്നിലെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.

ഹൈക്കോടതി കേസ് പരിഗണിക്കവേ തോമറിനെ അറസ്റ്റ് ചെയ്തതിനെതിരേ ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയിരുന്നു. മുന്‍കൂട്ടി അറിയിക്കാതെയായിരുന്നു അറസ്റ്റെന്നായിരുന്നു എഎപിയുടെ ആരോപണം. ഡല്‍ഹിയില്‍ അടിയന്തരാവസ്ഥക്കാലത്തേതിന് സമാനമായ സാഹചര്യമാണെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ ആരോപിച്ചിരുന്നു.

വഞ്ചന, സാമ്പത്തിക തട്ടിപ്പ്, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് തോമറിന് മേല്‍ ചുമത്തിയിട്ടുള്ളത്. സംഭവത്തില്‍ നിയമാനുസൃതമായിട്ടാണ് ഓരോ നടപടിയും കൈക്കൊണ്ടിട്ടുളളതെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബസി പറഞ്ഞു. ആരും നിയമത്തിന് അതീതരല്ലെന്നും തോമറിനെതിരായ കേസില്‍ അന്വേഷണവുമായി സഹകരിക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ബിജെപി ഡല്‍ഹി അധ്യക്ഷന്‍ സതീഷ് ഉപാധ്യായ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :