ബിജെപിക്ക് ആശ്വാസം: കർണാടകയിൽ മുഴുവൻ വിമതരും അയോഗ്യർ; 14 എംഎൽഎമാരെ കൂടി സ്പീക്കർ അയോഗ്യരാക്കി

11 കോണ്‍ഗ്രസ് എംഎല്‍എമാരെയും മൂന്ന് ജെഡിഎസ് എംഎല്‍എമാരെയുമാണ് അയോഗ്യരാക്കിയത്.

Last Modified ഞായര്‍, 28 ജൂലൈ 2019 (13:38 IST)
കര്‍ണാടകയില്‍ 14 വിമത എംഎല്‍എമാരെ കൂടി സ്പീക്കര്‍ അയോഗ്യരാക്കി. 11 കോണ്‍ഗ്രസ് എംഎല്‍എമാരെയും മൂന്ന് ജെഡിഎസ് എംഎല്‍എമാരെയുമാണ് അയോഗ്യരാക്കിയത്. തിങ്കളാഴ്ച യെദിയൂരപ്പ വിശ്വാസവോട്ട് നേടാനിരിക്കെയാണ് സ്പീക്കറുടെ നടപടി.സ്പീക്കറെ പുറത്താക്കാന്‍ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സ്പീക്കര്‍ അയോഗ്യരാക്കല്‍ നടപടിയിലേയ്ക്ക് നീങ്ങിയത്.17 എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ശുപാര്‍ശയാണ് കോണ്‍ഗ്രസും ജെഡിഎസും സ്പീക്കര്‍ക്ക് നല്‍കിയിരുന്നത്. ഇതില്‍ മൂന്നു പേരെ സ്പീക്കര്‍ നേരത്തെ അയോഗ്യരാക്കിയിരുന്നു.

ഈ മൂന്ന് പേരെ അയോഗ്യരാക്കിയാല്‍ മുംബൈയില്‍ കഴിയുന്ന എംഎല്‍എമാരില്‍ കുറച്ചു പേരെങ്കിലും മടങ്ങിവരുമെന്നായിരുന്നു കോണ്‍ഗ്രസ്-ജെഡിഎസ് പ്രതീക്ഷ. അങ്ങനെയായിരുന്നെങ്കില്‍ യെദിയൂരപ്പയ്ക്ക് നാളെ നടക്കുന്ന വിശ്വാസ വോട്ടില്‍ വിജയിക്കാനാകുമായിരുന്നില്ല.എന്നാല്‍ കോണ്‍ഗ്രസ്-ജെഡിഎസ് പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട് സ്പീക്കര്‍ മുഴുവന്‍ വിമത എംഎല്‍എമാരെയും അയോഗ്യരാക്കുകയാണ് ചെയ്തത്. ഇതോടെ വിശ്വാസവോട്ടെടുപ്പില്‍ യെദിയൂരപ്പയ്ക്കു ഭൂരിപക്ഷം നേടാനുള്ള സാധ്യതകള്‍ തുറന്നു കിട്ടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :