'ഛോട്ടാ' ഇരയെ കൊരുത്ത് 'ബഡാ' ഇരക്കായി ഡോവല്‍ ചൂണ്ട ഇടുന്നു, ദാവൂദ് ഓപ്പറേഷന്‍ അണിയറയില്‍

ന്യൂ‌ഡൽഹി| VISHNU N L| Last Modified ബുധന്‍, 28 ഒക്‌ടോബര്‍ 2015 (19:46 IST)
മുംബൈ സ്ഫോടന പരമ്പരയിലെ പിടികിട്ടപ്പുള്ളിയായ കൊടും‌കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ കുരുക്കാനുള്ള ഓപാറേഷനുകളുമായി ദേശീയ പ്രതിരോധ ഉപദേഷ്ടാവ് അജിത് ഡോവല്‍ മുന്നോട്ട്. ഇതിന്റെ ആദ്യപടിയായാണ് ദാവൂദിന്റെ എക്കാലത്തേയും വലിയ ശത്രുവായ ഛോട്ടാ രാജനെ വലയിലാക്കിയതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 1993ൽ മുംബയിലുണ്ടായ സ്ഫോടന പരന്പരകളുടെ സൂത്രധാരനായ ദാവൂദിനെ അറസ്റ്റു ചെയ്യണമെങ്കിൽ ഛോട്ടാ രാജനാണ് ആദ്യം പിടിയിലാവേണ്ടത് എന്ന് ഡോവലിന് വ്യക്തമായി അറിയാമായിരുന്നു.

ദാവൂദിന്റെ പിണിയാളുകളെ കുടുക്കുന്നതിനു പകരം ദാവൂദിനേക്കുറിച്ച് മിക്ക വിവരങ്ങളും സാമ്പത്തിക കാര്യങ്ങളും അവയുടെ വഴികളും വ്യക്തമായി അറിയാവുന ഒരേ ഒരാള്‍ ഛോട്ടാ രാജന്‍ മാത്രമാണ്. തിങ്കളാഴ്ചയാണ് ഇന്തോനേഷ്യയിലെ ബാലിയിൽ നിന്ന് ഛോട്ടാ രാജനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഓസ്ട്രേലിയന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരം അനുസരിച്ചാണ് രാജന്റെ അറസ്റ്റ് നടന്നത്. എന്നാല്‍ ഇത് മുന്‍‌കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്നാണ് വിവരം.

മുംബൈ സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ ദാവൂദിനെ പൂട്ടാനും മാളത്തില്‍ നിന്ന് പുകച്ച് പുറത്ത് ചാടിക്കാനും രാജനില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ക്ക് സാധിക്കുമെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ പ്രതീക്ഷ. ഡി കന്പനി എന്ന പേരിൽ ദാവൂദും, ഛോട്ടാ രാജനും ചേർന്ന് നിരവധി കൊലപാതാകങ്ങൾ നടത്തിയിട്ടുണ്ട്. പിന്നീട് മുംബൈ സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ ഇരുവരും തെറ്റിപ്പിരിയുകയായിരുന്നു. വെവ്വേറെ ഗ്രൂപ്പുകളായി പ്രവർത്തിക്കാൻ തുടങ്ങിയതും ഇതിനു ശേഷമാണ്. പിന്നീട് മുംബയ് നഗരത്തിന്റെ കിരീടം വയ്ക്കാത്ത രാജാക്കാന്മാരാവാൻ ഇരുവരും തമ്മിൽ പോരാട്ടമായിരുന്നു. ഈ ശത്രുത മുതലെടുക്കുക എന്ന തന്ത്രമാണ് ഡോവൽ പ്രയോഗിച്ചത്.

ഛോട്ടാ രാജന്റെ അറസ്റ്റിന് പിന്നിൽ ദോവൽ മുഖ്യപങ്കാണ് വഹിച്ചത് എന്ന് ആഭ്യന്തര മന്ത്രാലയവും സിബിഐയും സമ്മതിച്ചിട്ടുണ്ട്. ചെറിയ ഇരയെ കൊളുത്തി വലിയ മീനിനെ പിടിക്കുന്ന തന്ത്രം ഫലിച്ചാല്‍ അധികം താസിക്കാതെ തന്നെ ദാവൂദ് ഇബ്രാഹിമിനെ പിടികൂടിയതായോ, വധിച്ചതായോ ഉള്ള വാര്‍ത്തകള്‍ നമുക്ക് കേള്‍ക്കാന്‍ സാധിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :