മുംബൈ|
VISHNU N L|
Last Modified ചൊവ്വ, 17 നവംബര്‍ 2015 (15:53 IST)
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന് ഒരു ബോളിവുഡ് നടിയുമായി രഹസ്യബന്ധമുണ്ടായിരുന്നുവെന്നും ഇതിലൊരു പുത്രനുണ്ടെന്നും വെളിപ്പെടുത്തൽ. ഈ ബന്ധത്തിലുള്ള മകന്‍ ഇപ്പോള്‍ ഇന്ത്യയില്‍ കഴിയുന്നതായും ബംഗളൂരുവിലാണ് ആ മകന്‍ താമസിക്കുന്നതെന്നും വെളിപ്പെടുത്തലുണ്ട്.
ഡൽഹി മുൻ പൊലീസ് കമ്മിഷണറും സിബിഐ ജോയിന്റ് ഡയറക്ടറുമായിരുന്ന നീരജ് കുമാറിന്റെ 'ഡി ഫോർ ഡോൺ' എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. പുസ്തകം ഉടൻ പുറത്തിറങ്ങും. 1993 ല്‍ മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ദാവൂദിന്റെ സംഘാംഗങ്ങളില്‍ നിന്ന് ദാവുദിന്റെ അടുത്ത അനുയായിയെ പറ്റി വിവരങ്ങള്‍ ലഭിച്ചു.
അഹമ്മദ് മന്‍സൂര്‍ എന്ന ഇയാളെ പിന്നീട് ഡല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്തു. ദാവൂദിന്റെ ഹവാല ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്ന ഇയാള്‍ ദാവുദിന്റെ കുട്ടിക്കാലം മുതലേയുള്ള സുഹൃത്തുമായിരുന്നു. ഇയാളില്‍ നിന്നാണ് ദാവൂദിന്റെ ദുബായിലെ ആഢംബര ജീവിതത്തെ പറ്റിയും ബോളിവുഡുമായുള്ള ബന്ധത്തെപ്പറ്റിയും അറിയുന്നത്.
ദാവൂദിന് ബോളിവുഡ് നടിമാരോട് പ്രത്യേക താൽപര്യം ഉണ്ടായിരുന്നു. നിരവധി ബോളീവുഡ് നടിമാരുമായി ബന്ധമുണ്ടായിരുന്ന ദാവൂദ് അതിലൊരാളെയാണ് രഹസ്യമായി വിവാഹം കഴിച്ചത്. ഇവരിലുണ്ടായ മകന്‍ സിനിമാതാരത്തിന്റെ സഹോദരിയോടൊപ്പമാണ് താമസിച്ചിരുന്നതെന്നും പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു
'ദാവൂദിന് ക്രിക്കറ്റിനോടും ബോളിവുഡിനോടും വല്ലാത്ത പ്രിയമായിരുന്നു. ദാവൂദിന്റെ വാക്കാണ് മുംബൈയിലെ നിയമം. റിയൽ എസ്റ്റേറ്റുമായും സിനിമകളുടെ റിലീസിങ്ങ് തിയതിയുമായും ബന്ധപ്പെട്ട കാര്യങ്ങളിലാണ് ദാവൂദ് ഇടപ്പെട്ടിരുന്നത്. ബോളിവുഡ് സിനിമകളിൽ ആരെ അഭിനയിക്കണമെന്നു പോലും ദാവൂദ് തീരുമാനിച്ചു. ഇത്തരം കാര്യങ്ങൾക്കായി ദുബായിൽ 'ദാവുദിന്റെ കോടതി' തന്നെ ഉണ്ടായിരുന്നതായും പുസ്തകത്തില്‍ പറയുന്നു.
അറസ്റ്റിലായ മൻസൂർ ആണ് ദാവൂദിന്റെ ദുബായിലെ ആഡംബര ജീവിതത്തെക്കുറിച്ച് തങ്ങളോട് പറഞ്ഞതെന്ന് നീരജ് കുമാർ പുസ്തകത്തിൽ പറയുന്നു. ദാവൂദിനെ ചെറുപ്പം മുതൽ അറിയാവുന്ന വ്യക്തിയായിരുന്നു മന്‍സൂര്‍. ദാവൂദിന്റെ ഹവാല ഇടപാടുകൾ കൈകാര്യം ചെയ്തിരുന്നത് ഇയാളായിരുന്നു.