ഷിംല:|
Last Modified ബുധന്‍, 15 ഏപ്രില്‍ 2015 (15:21 IST)
റയില്‍വേ അധികൃതരുടെ അലംഭാവം ഹിമാചല്‍പ്രദേശിലെ ഉന ജില്ലയില്‍ നിന്നുളള രണ്ട് കര്‍ഷകരെ ട്രെയിന്‍ മുതലാളിമാരാക്കിയേക്കും. ഹിമാചല്‍പ്രദേശിലെ ഉന ജില്ലയിലെ മേല റാം, മദന്‍ ലാല്‍ എന്നീ കര്‍ഷകര്‍ക്കാണ് ഈ ഭാഗ്യം ലഭിക്കാന്‍ പോകുന്നത്. 1998ല്‍ ഉന-അംബ് റെയില്‍പാതയ്ക്കായി ഇവരുടെ സ്ഥലം ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇവര്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരമായ 35ലക്ഷം രൂപ ഇതുവരെ ലഭിച്ചിരുന്നില്ല.
നേരത്തെ 2013ല്‍
ആറാഴ്ചയ്ക്കകം നഷ്ടപരിഹാരം നല്‍കണമെന്ന് ഹിമാചല്‍ പ്രദേശ് ഹൈക്കോടതി
ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് നടപ്പാകാത്ത സാഹചര്യത്തില്‍ ഇരുവരും വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് ട്രെയിൻ ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടത്. ജപ്തി ചെയ്യാനായി നാല് ട്രെയിനുകളുടെ പട്ടിക സമര്‍പ്പിച്ചതായി വാദിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ അരുൺകുമാര്‍ സായ്‌നി പറഞ്ഞു. രണ്ട് പാസഞ്ചര്‍ ട്രെയിനുകളും ഹിമാചല്‍ എക്‌സ്പ്രസും ജനശതാബ്ദിയുമാണ് പട്ടികയിലുണ്ടായിരുന്നത്. ഇതില്‍ ജനശതാബ്ദി ജപ്തി ചെയ്യാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.