ഹൈദരബാദ്|
VISHNU N L|
Last Updated:
ശനി, 11 ഏപ്രില്‍ 2015 (10:30 IST)
ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ശേഷാചലം വനത്തില്‍ രക്തചന്ദനം മുറിച്ചു കടത്തുന്ന കള്ളക്കടത്തുകാര്‍ എന്ന് ആരോപിച്ച് വെടിവെച്ചു കൊന്ന തമിഴ് തൊഴിലാളികള്‍ സ്ഥിരം കുറ്റവാളികളാണെന്ന് ആന്ദ്രപ്രദേശ് വനംവകുപ്പ് മന്ത്രി ഗോപാല കൃഷ്ണ റെഡ്ഡി രംഗത്ത്. സംഭവത്തില്‍ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന്
ആന്ധ്ര ഹൈക്കൊടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന വന്നിരിക്കുന്നത്.
'അവര്‍ കള്ളക്കടത്തുകാരണ്, അല്ലാതെ മരംവെട്ടുകാരല്ല-മന്ത്രി പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ പലരും മുന്‍പും പൊലീസ് കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. കൊല്ലപ്പെട്ടവരില്‍ ഒരാളായ ഗോവിന്ദന്‍ രാജേന്ദ്രന്‍ 2013 മെയില്‍ രക്തചന്ദനകടത്തിന് പിടിയിലായതാണ്. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നുവെന്നും മന്ത്രി അറിയിച്ചു. കൂടുതല്‍ പൊലീസുകാരുണ്ടായിരുന്നെങ്കില്‍ ഇവരെ കയ്യോടെ പിടിക്കാന്‍ സാധിക്കുമായിരുന്നു. കാരണം കള്ളക്കടത്തിനെത്തിയവര്‍ നിരവധിപേരുണ്ടായിരുന്നു. ഒരു പ്രമുഖ ദേശീയ മാധ്യമത്തോട് മന്ത്രി പ്രതികരിച്ചു.
സംഭവത്തില്‍ കൊലക്കുറ്റത്തിനു കേസെടുക്കാത്തത് എന്തുകൊണ്ടെന്ന് ആന്ധ്ര ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പരാതി നല്‍കിയാല്‍ 302-ാം വകുപ്പു പ്രകാരം കൊലക്കുറ്റത്തിനു കേസെടുക്കാന്‍ നിര്‍ദേശം നല്‍കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.സംഭവത്തെക്കുറിച്ചുള്ള ആന്ധ്ര പൊലീസ് റിപ്പോര്‍ട്ടില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി, കൂടുതല്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. രണ്ടു സംസ്ഥാനങ്ങള്‍ക്കിടയിലെ പ്രശ്നമായി ഇതു വളര്‍ന്നിട്ടുണ്ടെന്നും കോടതി ഓര്‍മിപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് രക്തചന്ദനക്കൊള്ളക്കാര്‍ എന്നാരോപിച്ച് പൊലീസുമായുള്ള വെടിവയ്പ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടത്. അതേസമയം കൊല്ലപ്പെട്ടവരില്‍ ഏഴുപേരെ സംഭവത്തിന്റെ തലേദിവസം പൊലീസ് കസ്റ്റഡിയിലെടുത്തതാണെന്നും അതിനാല്‍ ഇതില്‍ ദുരൂഹതയുണ്ട്ന്നും ആരോപിച്ച് തമിഴ്നാട്ടിലും ആന്ധ്രയിലും പ്രതിഷേധം ശക്തമാണ്.