ന്യൂഡല്‍ഹി|
VISHNU.NL|
Last Modified തിങ്കള്‍, 28 ജൂലൈ 2014 (10:40 IST)
ലഡാക്ക് മേഖലയില്‍ വീണ്ടും ചൈനീസ് സൈന്യത്തിന്റെ അതിര്‍ത്തിലംഘനമുണ്ടായതായി വാര്‍ത്തകള്‍. ഡംചൊക്ക് പ്രദേശത്ത് ഇന്ത്യന്‍ അതിര്‍ത്തി കടന്ന പീപ്പിള്‍സ് ചൈനീസ് സൈന്യം ആട്ടിടയന്‍മാരുടെ ടെന്റുകള്‍ നശിപ്പിച്ചു. കഴിഞ്ഞ 22നായിരുന്നു സംഭവം നടന്നത്.
സംഭവം അറിഞ്ഞെത്തിയ ഇന്ത്യന്‍ പട്രോളിംഗ് സംഘം ചൈനീസ് സൈന്യത്തെ തടഞ്ഞു. ഡംചൊക്ക് പ്രദേശത്തെ ചാര്‍ഡിംഗ് നിലുനുല്ലയിലാണ് ചൈനീസ് സൈന്യം അതിക്രമിച്ചു കടന്നത്. യഥാര്‍ത്ഥ നിയന്ത്രണ രേഖയോട് ഏറ്റവും ചേര്‍ന്നുകിടക്കുന്ന പ്രദേശമാണിത്.
ജൂലൈ മാസത്തിലെ മൂന്നാമത്തെ നുഴഞ്ഞുകയറ്റശ്രമമാണ് ഇതെന്ന് സൂചനകള്‍. ചൈനീസ് സംഘത്തേ തടഞ്ഞതിനു പിന്നാലെ ഇരു സൈന്യങ്ങളുടെയും മേഖലാ കമാണ്ടര്‍മാര്‍ തമ്മില്‍ ഫഌഗ് മീറ്റിംഗ് നടത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. ചൈനീസ് സൈന്യം ഉടന്‍തന്നെ സ്ഥലത്തുനിന്നും മടങ്ങുകയും ചെയ്തു.
ഹിമാലയത്തിന്റെ കിഴക്കന്‍ പ്രദേശത്ത് 90,000 ചതുരശ്രകിലോമീറ്റര്‍ പ്രദേശത്തിന്മേലാണ്
ചൈന അവകാശവാദം ഉന്നയിക്കുന്നത്. ഈ ഭാഗത്ത് 4000 കിലോമീറ്റര്‍ വരുന്ന ഹിമാലയന്‍ അതിര്‍ത്തിയിലെ തര്‍ക്കം ഇതുവരെ പരിഹരിക്കാന്‍ കഴിയാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.