Rijisha M.|
Last Updated:
വ്യാഴം, 17 മെയ് 2018 (18:04 IST)
മണിക്കൂറുകള്‍ നീണ്ട രാഷ്‌ട്രീയ പ്രതിസന്ധിക്കിടെ കർണാടകയിൽ അധികാരമേറ്റ ബിജെപി സർക്കാർ തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി. കര്‍ഷകരെയും സാധാരണക്കാരെയും കൈയിലെടുത്ത തീരുമാനമാണ് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയില്‍ നിന്നുമുണ്ടായത്.
ഒരു ലക്ഷം രൂപവരെയുള്ള കാർഷിക വായ്പകൾ സര്‍ക്കാര്‍ എഴുതിത്തള്ളാനാണ്
യെദ്യൂരപ്പ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഏകാംഗ മന്ത്രിസഭയിലെ മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു ശേഷം നടത്തിയ കാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. മൊത്തം 56,000 കോടി രൂപയാണ് ഇങ്ങനെ എഴുതിത്തള്ളുക.
സത്യപ്രതിജ്ഞ ചെയ്‌ത് മണിക്കൂറുകൾക്കകം തന്നെ കാർഷിക വായ്‌പകൾ എഴുതിത്തള്ളിയതായി യെദ്യൂരപ്പ അറിയിച്ചു. “മുഖ്യമന്ത്രിയായാൽ കർഷകരുടെ ഒരു ലക്ഷം വരെയുള്ള വായ്‌പ എഴുതിത്തള്ളുമെന്ന് ഞാൻ കർഷകർക്ക് വാക്കുകൊടുത്തതാണ്. ഇതിനെക്കുറിച്ച് ചീഫ് സെക്രട്ടറിയോട് സംസാരിച്ചു, അഭിപ്രായം രണ്ട് ദിവസത്തിനുള്ളിൽ അറിയിക്കാമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞിട്ടുണ്ട്” എന്ന് അദ്ദേഹം പറഞ്ഞു.
രാവിലെ ഒമ്പത് മണിക്ക് നടന്ന സത്യപ്രതിജ്ഞയ്‌ക്ക് ശേഷം വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യെദ്യൂരപ്പ. ബിജെപിയെ പിന്തുണച്ചതിന് കര്‍ണാടകയിലെ ജനങ്ങളോടും പ്രത്യേകിച്ച് എസ് സി, എസ് ടി വിഭാഗങ്ങളോടും നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.