നെഹ്റു കുടുംബത്തിന്റെ എസ്‌പിജി സുരക്ഷ പിൻവലിക്കാൻ കേന്ദ്രം; നീക്കവുമായി ആഭ്യന്തരമന്ത്രാലയം; ഇനി മോദിക്ക് മാത്രം

പകരം പരിശീലനം ലഭിച്ച സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ സുരക്ഷയായിരിക്കും നല്‍കുക.

തുമ്പി ഏബ്രഹാം| Last Modified വെള്ളി, 8 നവം‌ബര്‍ 2019 (16:22 IST)
നെഹ്‌റു കുടുംബത്തിന്റെ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് സുരക്ഷ വെട്ടിച്ചുരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടേയും സുരക്ഷ പിന്‍വലിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.

പകരം പരിശീലനം ലഭിച്ച സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ സുരക്ഷയായിരിക്കും നല്‍കുക. മൂവരുടേയും ജീവന് നിലവില്‍ നേരിട്ട് ഭീഷണിയില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

അതേസമയം മൂവരുടേയും ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ തുടരും. രാജ്യത്ത് വിവിഐപികള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ സുരക്ഷയാണ് എസ്പിജി സുരക്ഷ.

നേരത്തെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സുരക്ഷയും മോദിസര്‍ക്കാര്‍ വെട്ടിച്ചുരുക്കിയിരുന്നു. എസ്പിജിയില്‍നിന്ന്‌
ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയായിരുന്നു മന്‍മോഹന്‍സിംഗിന് പുനര്‍നിശ്ചയിച്ച് നല്‍കിയത്.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അംഗരക്ഷകരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതിന് ശേഷം 1985 ലാണ് എസ്.പി.ജി രൂപീകരിക്കുന്നത്. നിലവില്‍ സോണിയയ്ക്കും രാഹുലിനും പ്രിയങ്കയ്ക്കും പുറമെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും മാത്രമാണ് എസ്.പി.ജി സുരക്ഷയുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :