ഉത്തർപ്രദേശിൽ വെടിയേറ്റ ഒരാൾ കൂടി മരിച്ചു;മരണസംഖ്യ 20 ആയി

അഭിറാം മനോഹർ| Last Modified ബുധന്‍, 25 ഡിസം‌ബര്‍ 2019 (16:10 IST)
ഉത്തർപ്രദേശിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്തിയതിൽ മരിച്ചവരുടെ എണ്ണം 20 ആയി ഉയർന്നു. ഫിറോസാബാഗിൽ വെടിയേറ്റ് ചികിത്സയിലായിരുന്ന മുക്കിം എന്നയാളാണ് ഇന്നലെ വൈകീട്ട് മരണപ്പെട്ടത്. സംഘർഷത്തിൽ പരിക്കേറ്റതിനെ തുടർന്ന് ഫിറോസാബാദിലെ ഫാക്ടറി തൊഴിലാളിയായിരുന്ന മുക്കിമിനെ ദില്ലിയിലെ സഫർജംഗ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഘർഷത്തിനിടെ വയറിനായിരുന്നു മുക്കിമിന് വെടിയേറ്റത്. എങ്ങനെ വെടിയേറ്റു എന്നത് ഇതുവരെയും വ്യക്തമായിട്ടില്ല. പോലീസ് വെടിവെച്ചതായി ബന്ധുക്കൾ ആരോപിക്കുമ്പൊൾ അക്രമികൾ വെടിവെച്ചതാണെന്നാണ് പോലീസ് വിശദീകരണം. ഇന്നലെയാണ് ആത്മരക്ഷാർത്ഥം പോലീസ് വെടിവെച്ചിരുന്നതായി വിവരം പുറത്തുവന്നത്.

അതേസമയം രാംപൂരിൽ പൊതുമുതൽ നശിപ്പിച്ചതിന് 28 പേർക്ക് പോലീസ് നോട്ടീസ് നൽകി. ഇവരിൽ നിന്നും 14 ലക്ഷം രൂപ വീതം ഈടാക്കാനും,ഈടാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധ്യപ്പെടുത്താനുമാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഉത്തർപ്രദേശിലെ സംഭവങ്ങളിൽ ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യം ശക്തമാകുന്നുണ്ട്. വെടിവെച്ചില്ലാ എന്ന് പലയിടത്തും പോലീസ് വിശദീകരിക്കുമ്പോൾ പ്രദേശവാസികൾ മറിച്ചൊരു നിലപാടാണ് എടുക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :