അഭിറാം മനോഹർ|
Last Modified ചൊവ്വ, 11 ഫെബ്രുവരി 2020 (09:25 IST)
ഒരു രാജ്യം ഒരു നിയമം എന്ന പ്രഖ്യാപിത ലക്ഷ്യം മുൻനിർത്തി പൗരന്മാർക്ക് ഏകവ്യക്തി നിയമം കൊണ്ടുവരാനുള്ള നടപടികൾ ബിജെപി ശക്തമാകുന്നതായി റിപ്പോർട്ട്. എല്ലാ എംപിമാരോടും രാജ്യസഭയിൽ സർക്കാർ തീരുമാനത്തിന് ഒപ്പം നിൽക്കാനുമായി പാർട്ടി ഇന്നലെ വിപ്പ് നൽകിയിരുന്നു. ഇത് ഏകീകൃത സിവിൽകോഡ് രാജ്യത്ത് കൊണ്ടുവരുന്നതിനായുള്ള നടപടികളുടെ ഭാഗമായാണോ എന്ന് രാഷ്ട്രീയവൃത്തങ്ങളിൽ അഭ്യൂഹങ്ങൾ ശക്തമാണ്.
ബിൽ അവതരിപ്പിക്കാനുള്ള കൂടിയാലോചനകൾ ബിജെപി കേന്ദ്രങ്ങളിൽ നടക്കുന്നതായി വാർത്തകൾ ഉണ്ട്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി പാര്‍ലമെന്ററി പാര്‍ട്ടിയോഗവും ബിജെപി റദ്ദാക്കിയിട്ടുണ്ട്. എന്നാൽ ഡൽഹി തിരഞ്ഞെടുപ്പ് ഫലം വരുന്ന അതേ ദിവസം തന്നെ ഏകീകൃത സിവിൽകോഡ് ബില്ലുമായി ബിജെപി രംഗത്ത് വരുമോ എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്. രാജ്യസഭ,ലോകസഭ അജണ്ടകളിൽ ഏകീകൃത സിവിൽ കോഡ് ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും ബിജെപി ഇന്ന് വിപ്പ് നൽകിയത് ഇതിനായുള്ള ഒരുക്കമായാണ് വിലയ്ഇരുത്തപെടുന്നത്.
ഒരു രാജ്യം ഒരു നിയമം എന്ന പ്രഖ്യാപിത ലക്ഷ്യം മുൻനിര്‍ത്തി ഏകീകൃത സിവിൽകോഡ് നടപ്പാക്കാൻ ബിജെപി തയ്യാറെടുക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങളിലും സംസാരമുണ്ട്. ഇതിനെതിരെ കടുത്ത എതിർപ്പുകളാണ് ഇതിനകം തന്നെ ഉയർന്നിട്ടുള്ളത്.ഭരണഘടനയുടെ 44ആം വകുപ്പിലെ നിർദേശകതത്വങ്ങളിലാണ് ഏകീകൃത സിവിൽ കോഡിനെ പറ്റി പറയുന്നത്. ഏകീകൃത സിവിൽകോഡ് നടപ്പിലാക്കാൻ ദേശീയതലത്തിൽ കമ്മീഷൻ വേണമെന്ന് നിര്‍ദ്ദേശിക്കുന്ന സ്വകാര്യ ബില്ല് അവതരിപ്പിക്കാൻ നേരത്തെ നീക്കം നടന്നിരുന്നെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പിന്മാറുകയായിരുന്നു.