ഇറുകിയ ജേഴ്സിക്കെതിരെ മതനേതാക്കള്‍; വനിത ഫുട്ബോള്‍ മത്സരം റദ്ദാക്കി!

കൊല്‍ക്കത്ത| vishnu| Last Modified തിങ്കള്‍, 16 മാര്‍ച്ച് 2015 (14:35 IST)
വനിതകളുടെ ഫുട്ബോള്‍ മത്സരത്തില്‍ താരങ്ങള്‍ ധരിക്കുന്ന ജേഴ്സി ഇറുകിയതാണെന്ന് പറഞ്ഞ് മുസ്ലീം മതനേതാക്കള്‍ രംഗത്ത് വന്നതിനെ തുടര്‍ന്ന് പശ്ചിമബംഗാളില്‍ ഫുട്ബോള്‍ മത്സരം റദ്ദാക്കി. മാല്‍ഡയില്‍ ദേശീയ ടീമംഗങ്ങള്‍ ഉള്‍പ്പെട്ടെ കൊല്‍ക്കത്ത ഇലവനും വടക്കന്‍ ബംഗാള്‍ ഇലവനും തമ്മില്‍ നടക്കേണ്ടിയിരുന്ന മത്സരമാണ്‌ മത വര്‍ഗീയവാദികളുടെ ഇടപെടലിനേ തുടര്‍ന്ന് ഉപേക്ഷിച്ചത്. മത്സരം നടക്കാന്‍ രണ്ടുദിവസം കൂടി ബാക്കിയുള്ളപ്പോഴാണ് മത നേതൃത്വം മത്സരത്തില്‍ ഇടപെട്ടത്. ഇതേതുടര്‍ന്ന് മത്സരം ക്യാന്‍സല്‍ ചെയ്യുകയായിരുന്നു.

മുസ്‌ളീം വിഭാഗത്തിന്‌ ഭൂരിപക്ഷമുള്ള മാല്‍ഡാ ജില്ലയിലെ ചാന്ദിപ്പൂര്‍ ഗ്രാമത്തിലെ പ്രോഗ്രസ്സീവ്‌ യൂത്ത്‌ ക്‌ളബ്ബായിരുന്നു ഫുട്ബോള്‍ മത്സരം നടത്താന്‍ തീരുമാനിച്ചത്. ക്‌ളബ്ബിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിരുന്നു മത്സരം. പൊതുവേദിയില്‍ കളിക്കുക എന്ന ആശയത്തില്‍ പെണ്‍കുട്ടികള്‍ക്ക്‌ പ്രോത്സാഹനമായിട്ടാണ്‌ മത്സരം സംഘടിപ്പിച്ചത്‌. എന്നാല്‍ മത്സരത്തില്‍ കളിക്കാര്‍ ധരിക്കേണ്ടിയിരുന്ന ജഴ്‌സി വല്ലാതെ ഇറുകിപ്പിടിച്ച്‌ ശരീരത്തിന്റെ അഴകളവുകള്‍ വ്യക്‌തമാകുന്നു എന്ന ആരോപണവുമായി മുസ്‌ളീം മതനേതാക്കള്‍ രംഗത്ത്‌ വന്നതോടെയാണ്‌ കളി ക്യാന്‍സല്‍ ചെയ്‌തത്‌. സ്‌ത്രീകള്‍ ഫുട്‌ബോള്‍ കളിക്കുന്നതും അത്‌ കാണുന്നതും ഒരുപോലെ പാപമാണെന്ന മതമൗലിക വാദികളുടെ അഭിപ്രായം ക്‌ളബ്ബ്‌ ഭരണകര്‍ത്താക്കള്‍ അംഗീകരിക്കുകയായിരുന്നു.

തങ്ങളുടെ എതിര്‍പ്പ് മറികടന്ന് മത്സരം നടത്താന്‍ ക്ലബ്ബ് മുന്നിട്ടിറങ്ങിയാല്‍ ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരുമെന്ന് സ്‌ഥലത്തെ പ്രാദേശിക മോസ്‌കിലെ ഇമാമായ മുഫ്‌ത്തി മഖ്‌സൂദ്‌ ഭീഷണിപ്പെടുത്തിയതോടെ ക്ലബ്ബ് അധികൃതര്‍ മുട്ടുമടക്കുകയായിരുന്നു. സംഭവം വാര്‍ത്തയായതോടെ സംസ്ഥാനത്തിന്റെ പലകോണില്‍ നിന്നും വിമര്‍ശങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. സംഭവത്തിന്റെ പേരില്‍ ക്‌ളബ്ബിനും പ്രാദേശിക ഭരണകൂടത്തിനും രാഷ്‌ട്രീയക്കാരില്‍ നിന്നും കായികപ്രേമികളില്‍ നിന്നും കടുത്ത എതിര്‍പ്പ്‌ നേരിടേണ്ടി വന്നിരിക്കുകയാണ്‌. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലാണൊ ഇത് നടക്കുന്നതെന്നും സാനിയാ മിര്‍സയോട്‌ പാന്റിട്ട്‌ കളിക്കാന്‍ ഇവര്‍ പറയുമോ എന്നും ഇന്ത്യയ്‌ക്ക് വേണ്ടി കളിച്ച കളിക്കാര്‍ തന്നെ ചോദിക്കുന്നു.

ഇസ്‌ളാമിക സമൂഹത്തില്‍ നിന്നു തന്നെയുള്ള രാഷ്‌ട്രീയക്കാരും സാമൂഹ്യപ്രവര്‍ത്തകരും ഇതിനെതിരെ കായികപ്രേമികളും രംഗത്ത്‌ വന്നിട്ടുണ്ട്‌. ഇതു കേട്ടാല്‍ നമ്മള്‍ താലിബാന്‍ ഭരണത്തിന്‌ കീഴിലുള്ള അഫ്‌ഗാനിലോ ഐഎസ്‌ ഭരണത്തിന്‌ കീഴിലുള്ള സിറിയയിലോ യാഥാസ്‌ഥിതിക നിയമങ്ങള്‍ നടപ്പിലാക്കുന്ന ഇറാനിലോ ആണെന്ന്‌ തോന്നുമെന്നായിരുന്നു സാമൂഹ്യപ്രവര്‍ത്തകരുടെ അഭിപ്രായം.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :