ന്യൂഡല്‍ഹി|
Last Modified തിങ്കള്‍, 19 ഒക്‌ടോബര്‍ 2015 (15:48 IST)
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയെ തൂക്കിലേറ്റിയ ദിവസം ബലിദാന്‍ ദിവസമായി ആചരിക്കുമെന്ന് ഹിന്ദു മഹാസഭ. ഹിന്ദുമഹാസഭ പ്രസിഡന്റ് ചന്ദ്രപ്രകാശ് കൗശിക്കാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഗാന്ധിയെക്കാള്‍ കൂടുതല്‍ ദേശസ്‌നേഹമുള്ള വ്യക്തിയായിരുന്നു ഗോഡ്‌സെ.
രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾ അങ്ങനെയാണ് കരുതുന്നതെന്നും കൗശിക് അഭിപ്രായപ്പെട്ടു. ഗോഡ്സെ എന്തിന് ഗാന്ധിയെ വധിച്ചുവെന്ന് ചിന്തിയ്ക്കാനുള്ള ദിവസമാണ് നവംബർ 15 എന്നും ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഈ ദിവസം രാജ്യം മുഴുവന്‍ ബലിദാന്‍ ദിവസമായി ആചരിക്കണമെന്നാണ് സഭയുടെ പദ്ധതി. ഗാന്ധിവധക്കേസിന്റെ വിചാരണ സമയത്ത് ഗോഡ്സെ കോടതിയിൽ നടത്തിയ പ്രസ്‌താവന ഹിന്ദുമഹാസഭ പ്രചരിപ്പിയ്ക്കുമെന്നും. നാഥുറാം ഗോഡ്‌സെയുടെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെ എഴുതിയ ഗാന്ധിവധം എന്തിന് എന്ന പുസ്തകം വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 1949 നവംബര്‍ 15ന് അംബാല ജയിലില്‍ വെച്ചാണ് ഗോഡ്‌സെയെ തൂക്കിലേറ്റിയത്. കഴിഞ്ഞ വര്‍ഷം ഗോഡ്‌സെയോടുള്ള ആദരസൂചകമായി അദ്ദേഹത്തിനുവേണ്ടി ക്ഷേത്രം പണിയണമെന്ന് ഹിന്ദുമഹാസഭ ആവശ്യപ്പെട്ടിരുന്നു.